പാലിയേക്കരയിൽ ടോള്‍പിരിവ് വിലക്ക് ഇന്നുകൂടി
Wednesday, September 10, 2025 2:20 AM IST
കൊച്ചി: പാലിയേക്കര ടോള്‍പിരിവ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്കുകൂടി നീട്ടി. ടോൾപിരിവ് തടഞ്ഞുകൊണ്ട് ഇന്നലെവരെയുണ്ടായിരുന്ന ഉത്തരവാണ് ഒരു ദിവസംകൂടി നീട്ടിയത്.
ദേശീയപാതയില്‍ മണ്ണുത്തി –ഇടപ്പള്ളി മേഖലയിലെ സര്‍വീസ് റോഡിന്റെയടക്കം അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാലാണു ടോള്‍പിരിവ് അനുവദിക്കാത്തത്. തൃശൂര്‍ ജില്ലാ കളക്ടറോട് ഇന്ന് ഓണ്‍ലൈനില്‍ ഹാജരായി ഗതാഗതക്കുരുക്ക് സംബന്ധിച്ചു വിശദീകരിക്കാന്‍ ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളില്‍ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും ചില പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും നല്കിയ റിപ്പോര്‍ട്ടിലുള്ളതെന്നാണു കളക്ടര്‍ കോടതിയെ അറിയിച്ചത്. കൾവെര്‍ട്ട് സ്ലാബ്, കാനകള്‍ തുടങ്ങിയവയുടെ കാര്യത്തിലാണു പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി പതിവായി നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അടിപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായാലേ വിഷയത്തിനു ശാശ്വത പരിഹാരമുണ്ടാകൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രസർക്കാർ ഇടപെടാത്തതിനെയും കോടതി വിമർശിച്ചു. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതായാണ് എന്‍എച്ച്എഐ കോടതിയെ അറിയിച്ചത്.