ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർഥി മരിച്ചു
Wednesday, September 10, 2025 2:20 AM IST
കുട്ടിക്കാനം: നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് വിദ്യാർഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ ഒന്നാം വർഷ ബിഎസ് സി ഫിസിക്സ് വിദ്യാർഥി അണക്കര പ്ലാമൂട്ടിൽ സാജന്റെ (മരിയൻ ബേക്കറി ഉടമ) മകൻ ഡോണ്‍ സാജൻ (18) ആണ് മരിച്ചത്.
കോളജിൽ ഇന്നു നടത്താനിരുന്ന എക്സിബിഷനുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാൻ സഹപാഠിയുമായി ബൈക്കിൽ മുണ്ടക്കയം ഭാഗത്തേക്കു പോകുന്പോൾ കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു സമീപം വളവിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
മുന്നില്‍ പോയ വാഹനത്തെ മറികടക്കുന്പോൾ എതിരേ വന്ന മോട്ടാർ ബൈക്കു കണ്ട് പെട്ടെന്നു ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്. റോഡിലൂടെ 20 അടിയോളം തെന്നി നീങ്ങിയ ബൈക്ക് റോഡ് സൈഡിൽ ഇടിച്ചു കിടക്കുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഒപ്പമുണ്ടായിരുന്ന ചിന്നാർ നാലാംമൈൽ പുതിയവീട്ടിൽ അൻസിൽ പി. സ്റ്റീഫ(18) നെ പരിക്കുകളോടെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീരുമേട് പോലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പീരുമേട് താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാളെ രാവിലെ 10ന് അണക്കര സെന്റ് തോമസ് ഫൊറോനപള്ളിയിൽ ഡോണിന്റെ മൃതദേഹം സംസ്കരിക്കും. ദീപയാണ് മാതാവ്. സഹോദരൻ: ജീവൻ.