പോലീസിനെതിരേ എസ്പിക്ക് പരാതി
Wednesday, September 10, 2025 2:21 AM IST
കൽപ്പറ്റ: മർദനത്തിനു കേസെടുക്കാതിരിക്കുകയും ആക്ഷേപിക്കുകയും ചെയ്തതിനു പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരേ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതായി പുതുശേരിക്കടവ് മേലേതിൽ ബി. അരവിന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓഗസ്റ്റ് നാലിനു മൂത്ത സഹോദരന്റെ മകനും സ്കൂൾ അധ്യാപകനുമായ വ്യക്തിയാണു മർദിച്ചത്. ഇടതുചെവിക്ക് ശക്തമായ പ്രഹരവും തലയിൽ മുഷ്ടി ചുരുട്ടിയുള്ള ഇടിയുമേറ്റ് ബോധരഹിതനായ തന്നെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ദിവസങ്ങൾ കഴിഞ്ഞ് ചെവിയിൽനിന്നു രക്തംവന്നപ്പോൾ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നേടി. ഇന്റിമേഷൻ നൽകിയതനുസരിച്ച് പടിഞ്ഞാറത്തറ പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. മാനന്തവാടിയിൽനിന്നു റഫർ ചെയ്ത താൻ മൂന്നു ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 28ന് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെത്തി മൊഴിയുടെ പകർപ്പ് വാങ്ങി വായിച്ചപ്പോൾ താൻ പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് അതിലുള്ളതെന്നു ബോധപ്പെട്ടു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സ്റ്റേഷനിലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ അസഭ്യം വിളിക്കുകയും മാനസികരോഗിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. ചോദിച്ചുവാങ്ങിയ അടിയാണെന്നുപറഞ്ഞ് കേസെടുക്കാനും തയാറായില്ല.
ഈ സാഹചര്യത്തിലാണു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരപുത്രൻ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്താണ് തന്നെ ആക്രമിച്ചതെന്നും അരവിന്ദകുമാർ പറഞ്ഞു.