ഗൃഹനാഥൻ കുത്തേറ്റുമരിച്ചു; മകൻ അറസ്റ്റിൽ
Thursday, September 11, 2025 3:19 AM IST
കൊരട്ടി (തൃശൂർ): മകന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആറ്റപ്പാടം എലിസബത്ത് ഗാർഡനിൽ കരിയാട്ടി ജോയ് (57) ആണു മരിച്ചത്. മകൻ ക്രിസ്റ്റിയെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ജോയിയും മകൻ ക്രിസ്റ്റിയുമാണു താമസിക്കുന്നത്. ഇരുവരും തമ്മിൽ മദ്യപിച്ച് തർക്കങ്ങളും അടിപിടിയും പതിവാണെന്നു നാട്ടുകാർ പറയുന്നു. മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് പിതാവിനെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു ക്രിസ്റ്റി മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
ജോയിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കും പത്തരയ്ക്കും ഇടയിലാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലേറ്റ മുറിവിന് ഒന്‍പതര സെന്റീമീറ്റർ ആഴമുണ്ട്. വിരലടയാളവിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയിരുന്നു.
ജോയ് സെക്യൂരിറ്റി ജീവനക്കാരനും ക്രിസ്റ്റി ടൈൽ ജോലിക്കാരനുമാണ്. കുറച്ചുനാളായി ജോയിയുടെ ഭാര്യ ജെസി അമ്മയുമൊത്തു മേലൂരിലാണു താമസം. ക്രിസ്റ്റിക്കുപുറമേ ജെസ്മി എന്ന ഒരു മകളും ജോയിക്കുണ്ട്.
മരുമകൻ: അഖിൽ. സംസ്കാരം ഇന്നു രാവിലെ പത്തിനു കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും. കൊരട്ടി സിഐ അമൃത് രംഗൻ, എസ്ഐമാരായ റെജിമോൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.