പീഡനക്കേസിൽ വേടൻ അറസ്റ്റിൽ; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയച്ചു
Thursday, September 11, 2025 3:19 AM IST
കൊച്ചി: പീഡനക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പിന്നീട് വിട്ടയച്ചു.
ഇന്നലെ രാവിലെ പത്തോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായ വേടനെ രണ്ടു മണിക്കൂറിലധികം പോലീസ് ചോദ്യം ചെയ്തു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്ന് വേടന് ഇന്നലെയും പോലീസിനോട് ആവര്‍ത്തിച്ചു.
പിന്നീട് അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോഴാണു ബലാത്സംഗം ചെയ്തെന്ന ആരോപണം പരാതിക്കാരി ഉന്നയിച്ചതെന്നും വേടന് മൊഴി നല്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് വേടനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പരാതിക്കാരുടെയടക്കം രേഖപ്പെടുത്തിയ മൊഴികളുടെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു രണ്ടാംദിവസവും ചോദ്യം ചെയ്യല്‍.
കോട്ടയം സ്വദേശിനിയായ യുവഡോക്ടറാണു പരാതിക്കാരി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം ചെയ്യാതെ ഒഴിവാക്കിയെന്നുമാണ് പരാതി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ വേടന്റെ വീട്ടിലടക്കം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസവും ചോദ്യംചെയ്യലിനു ഹാജരായത്.