മുഖ്യമന്ത്രിയെയും മന്ത്രിമാരെയും "ബഹു' എന്ന് അഭിസംബോധന ചെയ്യണമെന്ന് സർക്കുലർ
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: പരാതികളിലും നിവേദനങ്ങളിലും മറുപടി നൽകുന്പോഴും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ബഹുമാനിക്കണമെന്നു സർക്കുലർ.
സംസ്ഥാന സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുന്പോൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും"ബഹു.’ എന്ന് അഭിസംബോധന ചെയ്താകണം മറുപടി നൽകേണ്ടതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ സർക്കുലറിൽ പറയുന്നു. ഭരണഘടനാ പദവികളിലെ അഭിസംബോധനകളിൽ പോലും മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണു സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.
സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്കുള്ള മറുപടിയിൽ ബഹുമാനാർഥം മന്ത്രിമാരുടെ പേരിന് മുൻപ് "ബഹു.'എന്ന് ചേർക്കണമെന്ന് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വകുപ്പുകൾക്കും ജില്ലാ കളക്ടർമാർക്കും ഓഫീസ് മേധാവികൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകി.
സൈനിക, അക്കാദമിക് പദവികൾ ഒഴികെയുള്ള എല്ലാ സ്ഥാനപ്പേരുകളും നിരോധിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 18ന് വിരുദ്ധമാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയരുന്നത്.