കുൽദീപിന്ത്യ...
Thursday, September 11, 2025 2:19 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ യുഎഇയെ ശ്വാസം മുട്ടിച്ച് നിശ്ചലമാക്കി ടീം ഇന്ത്യയുടെ അപ്രമാദിത്വം.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ 93 പന്തുകള്‍ ബാക്കിവച്ച് ഇന്ത്യ ഒമ്പത് വിക്കറ്റിന് യുഎഇയെ തകര്‍ത്തു. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും (2.1-0-7-4) മീഡിയം പേസര്‍ ശിവം ദുബെയും (2-0-4-3) ചേര്‍ന്നു നടത്തിയ മിന്നും ബൗളിംഗാണ് ഇന്ത്യയെ അനായാസ ജയത്തിലെത്തിച്ചത്. കുല്‍ദീപാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
1, 2, 3...
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ യുഎഇക്കു വേണ്ടി ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫുവും (22) ക്യാപ്റ്റന്‍ മുഹമ്മദ് വസീമും (19) ചേര്‍ന്ന് മികച്ച തുടക്കമാണിട്ടത്. 3.3 ഓവറില്‍ യുഎഇ 26 റണ്‍സില്‍ എത്തി. എന്നാല്‍, നാലാം ഓവറിലെ നാലാം പന്തില്‍ ഷറഫുവിനെ ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. ഷറഫു, വസീം എന്നിവര്‍ക്കുശേഷം യുഎഇ ഇന്നിംഗ്സില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ഒമ്പതാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവ്, ഒന്നും നാലും ആറും പന്തുകളില്‍ വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുംറ (3-0-19-1), അക്സര്‍ പട്ടേല്‍ (3-0-13-1), ഹാര്‍ദിക് പാണ്ഡ്യ (1-0-10-0) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ റണ്‍സ് വഴങ്ങിയത്. കുല്‍ദീപിനും ശിവം ദുബെയ്ക്കും ഒപ്പം വരുണ്‍ ചക്രവര്‍ത്തിയും (2-0-4-1) മികച്ചുനിന്നു.
അഭിഷേക്-ഗില്‍
58 റണ്‍സ് എന്ന തീരെച്ചേറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും 3.5 ഓവറില്‍ 48 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്.
16 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 30 റണ്‍സ് എടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമേ ജയത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യക്കു നഷ്ടപ്പെട്ടുള്ളൂ. ഒമ്പത് പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 20 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും രണ്ട് പന്തില്‍ ഒരു സിക്സിന്റെ അകമ്പടിയോടെ ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.
കൗമാരത്തിന്റെ തുടക്കത്തില്‍ നെറ്റ്സില്‍ പന്തെറിഞ്ഞു നല്കിയ, സിമ്രന്‍ജീത് സിംഗിനെ ബൗണ്ടറി കടത്തിയാണ് ഗില്‍ വിജയ റണ്‍ കുറിച്ചതെന്നതും ശ്രദ്ധേയം.