സഞ്ജു, കുല്‍ദീപ്; സര്‍പ്രൈസ് ടീം
Thursday, September 11, 2025 2:19 AM IST
ദുബായ്: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നല്കി ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.
മത്സരത്തലേന്ന് സഞ്ജുവിന്റെ സാധ്യതയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, അര്‍ഹിച്ച പരിഗണന നല്കുമെന്നു പറഞ്ഞതിനെ സാധൂകരിക്കുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്ലേയിംഗ് ഇലവന് പ്രഖ്യാപനം.
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ട്വന്റി-20യിലേക്കുള്ള മടങ്ങിവരവാണ് സഞ്ജുവിന്റെ പ്ലേയിംഗ് ഇലവന് സാധ്യതയ്ക്കു മുന്നില്‍ ചോദ്യചിഹ്നമായത്. എന്നാല്‍, ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തു നിലനിര്‍ത്തി സഞ്ജുവിനെ മധ്യനിരയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജു മധ്യനിരയിലേക്ക് ഇറങ്ങിയതോടെ ആ സ്ഥാനത്ത് ഫെമിലിയര്‍ ആയിരുന്ന ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടില്ല.
റിസ്റ്റ് സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതും സര്‍പ്രൈസ് ആയി. അതോടെ രണ്ടാം സ്പെഷലിസ്റ്റ് പേസര്‍ എന്ന സ്ഥാനം ഇല്ലാതായി.
ജസ്പ്രീത് ബുംറ മാത്രമായിരുന്നു പ്ലേയിംഗ് ഇലവനിലെ ഏക സ്പെഷലിസ്റ്റ് പേസര്‍. പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെയും സ്പിന്‍ ഓള് റൗണ്ടറായി അക്സര്‍ പട്ടേലിനെയും ഉള്‍പ്പെടുത്തി. അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു എന്നിവരായിരുന്നു ബാറ്റിംഗ് ലൈനപ്പില്‍ ഉണ്ടായിരുന്നത്.