സബലെങ്കയ്ക്ക് യുഎസ് ഓപ്പൺ നൽകിയ ബുക്ക്..!
Thursday, September 11, 2025 2:19 AM IST
ലണ്ടന്‍: 2025 യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടത്തില്‍ എത്തിയതെങ്ങനെയെന്നു വെളിപ്പെടുത്തി ബെലാറൂസ് താരം അരീന സബലെങ്ക.
2025 സീസണില്‍ ഒരു ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടം പോലും ഇല്ലാത്ത ലോക ഒന്നാം നമ്പര്‍ താരമെന്ന ദുഷ്പേരിലേക്ക് എത്താതിരിക്കാന്‍ 10 പൗണ്ട് (300 രൂപ) മുടക്കി വാങ്ങിയ ഒരു ബുക്കാണ് തന്നെ സഹായിച്ചതെന്ന് സബലെങ്ക വെളിപ്പെടുത്തി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ സബലെങ്ക, 2025 സീസണില്‍ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലില്‍ മാഡിസണ്‍ കീസിനോടും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കൊക്കൊ ഗൗഫിനോടും പരാജയപ്പെട്ടിരുന്നു. വിംബിള്‍ഡണ്‍ സെമിയില്‍ തന്നെ കീഴടക്കിയ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് (6-3, 7-6 (7-3) സബലെങ്ക യുഎസ് ഓപ്പണ്‍ ട്രോഫിയില്‍ ചുംബിച്ചത്.
തലച്ചോറിന്റെ നിഗൂഢതകളും ഹൃദയ രഹസ്യങ്ങളും കണ്ടെത്താനുള്ള ഒരു ന്യൂറോ സര്‍ജന്റെ അന്വേഷണ കഥ പറയുന്ന ഡോ. ജയിംസ് ആര്. ഡോട്ടിയുടെ ബെസ്റ്റ് സെല്ലറായ ‘ഇന്‍ടു ദി മാജിക് ഷോപ്പ്’ എന്ന പുസ്തകമാണ് യുഎസ് ഓപ്പണ്‍ കിരീടത്തിലേക്ക് എത്താന്‍ തനിക്ക് ഊര്‍ജവും ആത്മവിശ്വാസവും പകര്‍ന്നതെന്നാണ് സബലെങ്ക വെളിപ്പെടുത്തിയത്.
വിംബിള്‍ഡണിന്റെ നഷ്ടദുഃഖം
2025 സീസണ് വിംബിള്‍ഡണിന്റെ സെമിയില്‍ പരാജയപ്പെട്ടതിനുശേഷമുള്ള ഹൃദയഭാരമകറ്റാന് ഗ്രീക്ക് ദ്വീപായ മൈക്കോനോസില്‍ ആയിരിക്കുമ്പോഴാണ് സബലെങ്ക ഈ പുസ്തകത്തെക്കുറിച്ച് അറിയുന്നത്.
“ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ആ രണ്ട് ഫൈനലിലും (ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍) ഞാന്‍ എന്റെ വികാരം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഫൈനലിലേക്കു കടന്നപ്പോള്‍ (യുഎസ് ഓപ്പണ്‍) ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. മത്സരത്തില്‍ എന്തുതന്നെ സംഭവിച്ചാലും വികാരത്തിനു കീഴ്പ്പെടാന്‍ ഞാന്‍ തയാറാകില്ല’’ സബലെങ്ക ലണ്ടനില്‍വച്ച് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.