ജെൻ സി അടങ്ങി, നേപ്പാൾ ശാന്തതയിലേക്ക്
Thursday, September 11, 2025 3:19 AM IST
കാഠ്മണ്ഡു: ജെൻ സി യുവാക്കളുടെ പ്രക്ഷോഭം കത്തിപ്പടർന്ന നേപ്പാൾ സാധാരണ നിലയിലേക്ക്. ചൊവ്വാഴ്ച രാത്രി രാജ്യത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്ത സൈന്യം രാജ്യവ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്നു രാവിലെ ആറു വരെ കർഫ്യൂവും പ്രഖ്യാപിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകൾ ഇന്നലെ വിജനമായിരുന്നു. ഏതാനും പേർ മാത്രമാണു നഗരത്തിലെത്തിയത്. സൈന്യത്തിന്റെ പട്രോളിംഗ് എങ്ങുമുണ്ടായിരുന്നു. ജനങ്ങളോട് വീടുകളിൽത്തന്നെ തുടരാൻ കർശന നിർദേശമുണ്ട്.
ജെൻ സി കലാപത്തിൽ നേപ്പാളിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ 25 പേരാണു കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കുകയും ചെയ്തു. പാർലമെന്റ്, പ്രസിഡന്റിന്റെ ഓഫീസ്, പ്രധാനമന്ത്രി വസതി, സർക്കാർ കെട്ടിടങ്ങൾ, സുപ്രീംകോടതി, രാഷ്ട്രീയപാർട്ടികളുടെ ഓഫീസുകൾ, മുതിർന്ന നേതാക്കളുടെ വീടുകൾ എന്നിവ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. സമൂഹമാധ്യമ നിരോധനത്തിനെതിരേ ജെൻ സി യുവാക്കൾ ആരംഭിച്ച പ്രതിഷേധം സർക്കാർവിരുദ്ധ പ്രക്ഷോഭമായി കത്തിപ്പടരുകയായിരുന്നു.
നേപ്പാളിലെ കലാപത്തിനിടെ കുടുങ്ങിയ വിദേശികൾ സമീപത്തുള്ള സെക്യൂരിറ്റി പോസ്റ്റിനെയോ രക്ഷാദൗത്യ സംഘത്തെയോ സമീപിക്കണമെന്നു സൈന്യം നിർദേശിച്ചു. ഹോട്ടലുകൾക്കും ടൂറിസം സംരംഭങ്ങളും വിദേശ പൗരന്മാർക്ക് ആവശ്യമായ സഹായം നല്കണമെന്നും നിർദേശമുണ്ട്.
പോലീസ് പോസ്റ്റിൽനിന്നോ സുരക്ഷാസൈനികരിൽനിന്നോ കവർന്ന തോക്കുകളും മറ്റ് ആയുധങ്ങളും വെടിയുണ്ടകളും തിരികെയെത്തിക്കാൻ സൈന്യം ആവശ്യപ്പെട്ടു. ആയുധം കൈവശം വയ്ക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ജനങ്ങൾ കരസേനാ യൂണിഫോം അണിയരുതെന്നും നിർദേശമുണ്ട്.
കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളയും തീവയ്പും നടത്തിയ 27 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ വൈകുന്നേരത്തോടെ പ്രവർത്തനം പുനരാരംഭിച്ചു. ആയിരത്തോളം ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയത്.
നേപ്പാളിലെ സ്ഥിതിഗതികളിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. നേപ്പാളിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടക്കാല സർക്കാർ: മൂന്നു പേർ പരിഗണനയിൽ
കാഠ്മണ്ഡു: നേപ്പാളിൽ രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നയിക്കാൻ മൂന്നു പേർ പരിഗണനയിൽ. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കി, മുൻ വൈദ്യുതി ബോർഡ് സിഇഒ കുൽമാൻ ഗിസിംഗ് എന്നിവരെയാണ് ഇടക്കാല പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാണ്. പ്രക്ഷോഭം നടത്തിയ സംഘടനകളുടെ പ്രതിനിധികളെ ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താനും നീക്കമുണ്ട്.
അഞ്ച് കൗമാര തടവുകാർ കൊല്ലപ്പെട്ടു, 7,000 തടവുകാർ രക്ഷപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ അഞ്ചു കൗമാര തടവുകാർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. രാജ്യത്തെ വിവിധ ജയിലുകളിൽനിന്ന് 7000 തടവുകാർ രക്ഷപ്പെട്ടു.
നൗബാസ്ത റീജണൽ ജയിലിലെ കറക്ഷണൽ ഹോമിൽനിന്നു സുരക്ഷാജീവനക്കാരുടെ ആയുധങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവയ്പിലാണ് അഞ്ചു കൗമാര തടവുകാർ കൊല്ലപ്പെട്ടത്. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു.
സുൻസാരി ജയിലിൽനിന്ന് 1575ഉം ഡില്ലിബസാർ ജയിലിൽനിന്ന് 1,100ഉം തടവുകാർ രക്ഷപ്പെട്ടു.