റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് പോളണ്ട്
Thursday, September 11, 2025 2:19 AM IST
മോസ്കോ/വാഴ്സ: വ്യോമാതിർത്തി ലംഘിച്ചെത്തിയ റഷ്യൻ ഡ്രോണുകൾ നാറ്റോ അംഗമായ പോളണ്ടും സഖ്യകക്ഷികളും വെടിവച്ചിട്ടു. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
യുക്രെയ്നിന് നേർക്ക് ശക്തമായ വ്യോമാക്രമണം നടന്നതോടെ പോളണ്ടിന്റെ സൈന്യം ചൊവ്വാഴ്ചയും ഇന്നലെയും കനത്ത ജാഗ്രത പാലിച്ചുവരികയായിരുന്നെന്നു പ്രതിരോധ മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരമായ വാഴ്സയിലെ ചോപിൻ വിമാനത്താവളം മണിക്കൂറുകളോളം സർവീസുകൾ നിർത്തിവച്ചു. എന്നാൽ, തങ്ങളുടെ ലക്ഷ്യം യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലകളായിരുന്നെന്നും പോളണ്ടിനെ ഉന്നംവച്ചിട്ടില്ലെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയവുമായി ഇക്കാര്യം സംസാരിക്കാനൊരുക്കമാണെന്നും പ്രസ്താവനയിൽ റഷ്യ അറിയിച്ചു.