“ഇസ്രയേലിനെതിരേ ഉപരോധം പരിഗണനയില്‍”
Thursday, September 11, 2025 2:19 AM IST
സ്ട്രാസ്ബർഗ് (ഫ്രാൻസ്): ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിന് മേൽ ഉപരോധങ്ങൾ ചുമത്തുന്നതും രാജ്യവുമായി ഭാഗികമായി വ്യാപാരം നിർത്തിവയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയ്ൻ. ഏറെക്കാലമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ നൽകിയിരുന്ന വ്യക്തിയാണ് ഉർസുല.
27 അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ ഇക്കാര്യത്തിൽ ഭിന്നിച്ചുനിൽക്കുമെന്നും ഇത്തരം നടപടികൾ സ്വീകരിക്കാനുള്ള ഭൂരിപക്ഷ പിന്തുണ ലഭിക്കുമോയെന്നും സംശയമാണ്. ഗാസയുടെ ഭാവിയിലെ പുനരുദ്ധാരണം ലക്ഷ്യം വച്ചുള്ള പലസ്തീൻ ഡോണർ ഗ്രൂപ്പിന് അടുത്ത മാസം രൂപം നൽകുമെന്നും ഉർസുല പറഞ്ഞു.
“മനുഷ്യനിർമിത ഭക്ഷ്യക്ഷാമം യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കാൻ പാടില്ല. ഇത് ലോകമനഃസാക്ഷിയെ പ്രകന്പനം കൊള്ളിച്ചിരിക്കുന്നു. കുട്ടികൾക്കുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇത് നിർത്തണം’’- അവർ കൂട്ടിച്ചേർത്തു.
ഉർസുലയുടെ വാക്കുകളോട് ഇസ്രയേൽ പ്രതികരിച്ചില്ല. ഇതിനുപുറമേ, യൂറോപ്യൻ യൂണിയന്റെ എക്സിക്യുട്ടീവ് വിഭാഗം ഇസ്രയേലിന് നൽകിവരുന്ന സാന്പത്തിക സഹായം നിർത്തിവയ്ക്കാനും പദ്ധതിയുണ്ട്. ഇതിന് 27 അംഗരാജ്യങ്ങളുടെ അനുമതി ആവശ്യമില്ല. എന്നാൽ, എത്രത്തോളം പണം ഇസ്രയേലിന് നൽകിവരുന്നുണ്ടെന്നോ ഏതൊക്കെ മേഖലകളിൽ ചെലവഴിക്കുന്നുണ്ടെന്നോ വ്യക്തമല്ല.