ഫ്രാൻസിൽ വൻ പ്രതിഷേധം
Thursday, September 11, 2025 3:19 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാർ നയങ്ങൾക്കും എതിരേ രാജ്യത്ത് വ്യാപകമായി നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. പ്രതിഷേധക്കാർ റോഡുകൾ തടസപ്പെടുത്തുകയും പലയിടത്തും തീയിടുകയും ചെയ്തു.
ഫ്രാൻസിലെ സാന്പത്തിക പ്രശ്നങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. സമരക്കാരെ നേരിടാനായി പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 250 പേർ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എല്ലാം തടയുക (Block Everything) എന്ന ഹാഷ് ടാഗോടെ സൈബർ ലോകത്ത് ആരംഭിച്ച സമരനീക്കങ്ങൾ മാക്രോണിനെതിരേ നടന്നിട്ടുള്ള മുൻ പ്രതിഷേധങ്ങളെക്കാൾ ശക്തി കുറഞ്ഞവയാണെന്നാണു വിലയിരുത്തൽ. 80,000 പോലീസുകാരെയാണ് അക്രമസംഭവങ്ങൾ ചെറുക്കാനായി നിയോഗിച്ചിരിക്കുന്നത്. റെന്നെസ് നഗരത്തിൽ ബസിനു തീവച്ചെന്നും മറ്റൊരിടത്ത് ഇലക്ട്രിക് കേബിളുകൾ കത്തിനശിച്ചതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടെന്നും ആഭ്യന്തര മന്ത്രി ബ്രൂണോ റെറ്റെയ് ലോ പറഞ്ഞു.
ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുള്ള അക്രമാസക്ത പ്രക്ഷോഭങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണു രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, സെബാസ്റ്റ്യൻ ലെകോർണുവിനെ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഒരു വർഷത്തിനിടെ നിയമിതനാകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ലെകോർണു. പ്രസിഡന്റ് മാക്രോണിന്റെ വിശ്വസ്തനാണ് ഇദ്ദേഹം.