അഞ്ചടിച്ച് ഹാലണ്ട്
Thursday, September 11, 2025 2:19 AM IST
ഓസ്ലോ (നോര്‍വെ): സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട് അഞ്ച് ഗോള്‍ നേടിയ മത്സരത്തില്‍ നോര്‍വെ 11-1ന് മോള്‍ഡോവയെ തകര്‍ത്തു. ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തിലാണ് ഹാലണ്ട് അഞ്ച് ഗോള്‍ നേടിയതും നോര്‍വെ 10 ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചതും.
ഹാലണ്ടിനൊപ്പം തെലോ ആസ്ഗാര്‍ഡ് നോര്‍വെയ്ക്കായി നാല് ഗോള്‍ സ്വന്തമാക്കി. ഫെലിക്സ് ഹോണ്‍ മൈഹ്രേ, മാര്ട്ടിന് ഒഡെഗാര്‍ഡ് എന്നിവരാണ് മറ്റു ഗോള്‍ നേട്ടക്കാര്‍. ഹാലണ്ട് രണ്ടു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
നോര്‍വെയ്ക്കായി ഹാലണ്ടിന്റെ അഞ്ചാം ഹാട്രിക്കാണ്. രാജ്യാന്തര ജഴ്സിയില്‍ 45 മത്സരങ്ങളില്‍ 48 ഗോളും ഹാലണ്ട് സ്വന്തമാക്കി. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 15 പോയിന്റുമായി നോര്‍വെ ഒന്നാമതു തുടരുന്നു.
റൊണാള്‍ഡോ, പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-2ന് ഹംഗറിയെ തോല്‍പ്പിച്ചു. 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ജാവൊ കാന്സെലൊയുടെ (86’) ലേറ്റ് ഗോളിലാണ് പോര്‍ച്ചുഗലിന്റെ ജയം. ഗ്രൂപ്പ് എഫില്‍ രണ്ടു ജയത്തോടെ ആറ് പോയിന്റുമായി പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്താണ്.
തകര്‍ത്തടിച്ച് ഇംഗ്ലണ്ട്
ഗ്രൂപ്പ് കെയില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ഇംഗ്ലണ്ട് മുന്നേറ്റും തുടരുന്നു. ഹോം മത്സരത്തില്‍ ഇംഗ്ലണ്ട് 5-0ന് സെര്‍ബിയയെ തകര്‍ത്തു. തോമസ് ടൂഹെലിന്റെ ശിക്ഷണത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ആധികാരിക ജയമാണ്. ഹാരി കെയ്ന്‍, നോനി മദുകെ, എസ്രി കോന്‍സ, മാര്‍ക്ക് ഗുവേഹി, മാര്‍ക്കസ് റാഷ്ഫോഡ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടി.
ഫ്രഞ്ച് മുന്നേറ്റം
ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് രണ്ടാം ജയം സ്വന്തമാക്കി. ഹോം മത്സരത്തില്‍ ഫ്രഞ്ച് സംഘം 2-1ന് ഐസ്ലന്ഡിനെ തോല്‍പ്പിച്ചു. കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്.