തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നവർക്ക് പരിശീലന ക്യാന്പ്
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നവർക്കായി എല്ലാ ജില്ലകളിലും പഠന പരിശീലന ക്യാന്പുകൾ നടത്തുന്നു.
കേരള സിവിൽ സൊസൈറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
1993ൽ ഭരണഘടനാ ഭേദഗതിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈവന്നിട്ടുള്ള ഭരണഘടനാ പദവിയും പരിരക്ഷയും, തദ്ദേശ ഭരണ സംവിധാനം, ഭരണസമിതി അംഗങ്ങളുടെ ചുമതലകളും അവകാശങ്ങളും അധികാരങ്ങളും, ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നല്കുന്നതിനുതകുന്ന നിയമവ്യവസ്ഥകൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലകളും അധികാരങ്ങളും, ഗ്രാമ-വാർഡ് സഭായോഗങ്ങളുടെ സംഘാടനവും നടത്തിപ്പും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനസ്രോതസുകളും ബജറ്റ് തയാറാക്കലും എന്നീ വിഷയങ്ങളാണ് പഠനവിധേയമാകുന്നത്.
ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9447985796, 8301870991 എന്നീ വാട്ട്സ്ആപ്പ് നന്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാം.
ആദ്യ പഠന പരിശീലന പരിപാടി 30, ഒക്ടോബർ ഒന്ന് തീയതികളിൽ തിരുവനന്തപുരത്തുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നോഡൽ ഓഫീസിൽ നടക്കും. അഡ്വ. പ്രശാന്ത് ഭൂഷൺ ക്യാന്പ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ആഴ്ചകളിൽ ഓരോരോ ജില്ലയിൽ ക്യാന്പ് ഉണ്ടാകും.