സമ്മാനം വാഗ്ദാനം ചെയ്തു തട്ടിപ്പ് വ്യാപകമാകുന്നു
Thursday, September 11, 2025 2:20 AM IST
കൊച്ചി: സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതോടെ ഈ സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസും രംഗത്തെത്തി.
തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്: സമൂഹമാധ്യമങ്ങളിലൂടെ ചങ്ങാത്തത്തിലായശേഷം തങ്ങൾ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യും.
സമ്മാനത്തിന്റെയും അതു പായ്ക്ക് ചെയ്ത് നിങ്ങളുടെ വിലാസം എഴുതിവച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉള്‍പ്പെടെ തട്ടിപ്പുസംഘം അയച്ചുനല്‍കും. ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത്. കസ്റ്റംസിന്റെയോ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരില്‍ ഒരു വ്യാജ ഫോണ്‍കോളായിരിക്കും അടുത്തത്.
നിങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ പാഴ്സലായി എത്തിയിട്ടുണ്ടെന്നും അതിനു കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും തുക അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും വിളിക്കുന്നവര്‍ അറിയിക്കും.
സമ്മാനങ്ങളുടെ മൂല്യം ഓര്‍ത്തോ, ഭയന്നോ ഒരിക്കലും പണം നല്‍കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പോലീസ് പറയുന്നു.