കസ്റ്റഡിമർദനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സണ്ണി ജോസഫ്
Thursday, September 11, 2025 3:19 AM IST
കുന്നംകുളം: യൂത്ത് കോണ്ഗ്രസ് നേതാവ് വി.എസ്. സുജിത്ത് ഉൾപ്പെടെയുള്ളവരെ അകാരണമായി കസ്റ്റഡിയിലെടുത്തു മർദിച്ചതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടണം. സുജിത്തിനു മർദനമേറ്റ സംഭവം നിയമസഭയിൽ ഉന്നയിക്കും.
സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടുക, ക്രിമിനൽ കേസെടുത്തു ജയിലിലടയ്ക്കുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുയർത്തി കോണ്ഗ്രസ് സംസ്ഥാനവ്യാപകമായി പോലീസ് സ്റ്റേഷനുകൾക്കുമുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധസദസിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്നംകുളം പോലീസ് സ്റ്റേഷനുമുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുജിത്തിനെ മർദിച്ചശേഷം കേസൊതുക്കാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ 20 ലക്ഷത്തിന്റെ ഓഫർ കോടതിവഴി നഷ്ടപരിഹാരം നൽകാൻ ഉപകരിക്കും. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ഹെൽമറ്റ്, ചെടിച്ചട്ടി എന്നിവകൊണ്ടു മർദിച്ചതിനെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്നാണു വിശേഷിപ്പിച്ചത്.
കുന്നംകുളത്തെ പോലീസ് നരനായാട്ടിനെ അദ്ദേഹം എങ്ങനെ കാണുന്നുവെന്നു സണ്ണി ജോസഫ് ചോദിച്ചു.