സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി
Thursday, September 11, 2025 2:20 AM IST
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം. ഇന്നലെ രാവിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടന്നു.
സിപിഐയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും പ്രതിനിധികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ആരംഭിച്ച ദീപശിഖാ പ്രയാണം രാവിലെ പ്രതിനിധി സമ്മേളന നഗറിൽ എത്തി. തുടർന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ആർ. ചന്ദ്രമോഹൻ പതാക ഉയർത്തി. 1സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ അവസാനദിവസമായ 12-ന് വൈകിട്ട് 4.30 ന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.