സംസ്ഥാനത്തെ 78% ജനങ്ങളും നിരാശർ: രാജീവ് ചന്ദ്രശേഖർ
Thursday, September 11, 2025 3:19 AM IST
കോട്ടയം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭരണത്തിൽ കേരളജനത മടുത്തിരിക്കുന്നുവെന്നും 78 ശതമാനം ജനങ്ങളും നിരാശരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
തങ്ങൾ നടത്തിയ സർവേയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ദീപിക കേന്ദ്ര ഓഫീസിൽ നടത്തിയ സന്ദർശനത്തിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ അവസ്ഥയിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശുഭപ്രതീക്ഷയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 23,000 വാർഡിലും ബിജെപി മത്സരിക്കും.
കേരള രാഷ്ട്രീയത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറുശതാമനം മാറ്റമുണ്ടാകും അത് കൃത്യമായി ഏതു തരത്തിലാകുമെന്ന് പറയാൻ കഴിയല്ല. എന്തായാലും മാറ്റം ഉറപ്പാണ്. 11 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന മാതൃക കേരളത്തിലും ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വികസന അജൻഡ ചർച്ച ചെയ്യാൻ ഇരു മുന്നണികളും തയാറാകുന്നില്ല. വികസനവും വിദ്യാഭ്യാസവും അവസരങ്ങളും തൊഴിലുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങൾ.
വെള്ളാപ്പള്ളി നടേശൻ ക്രൈസ്തവർക്കെതിരേ നടത്തുന്ന പ്രസ്താവനകൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ആദ്യമായാണ് ഇതു കേൾക്കുന്നതെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ക്രൈസ്തവർ അനർഹമായി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് തങ്ങൾ വിശ്വസിക്കുന്നില്ല.
എല്ലാ മതങ്ങളെയും എല്ലാ വിശ്വാസികളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കും. നിർബന്ധിത മതപരിവർത്തനം നടത്തുന്ന ചില വിഭാഗങ്ങൾക്കെതിരേയാണ് ഉത്തരേന്ത്യയിൽ പ്രതിഷേധമുയരുന്നത്.
ഛത്തീസ്ഗഡിലെ സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം ഉണ്ടായിരുന്നില്ല. സഭ ഇക്കാര്യം തങ്ങളോടു പറഞ്ഞു. അതു ഞങ്ങൾ വിശ്വസിച്ചു. അതിനാലാണ് ഇടപെട്ടത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവതികൾ നൽകിയ പരാതിയിൽ കേസെടുക്കാത്തതു സംബന്ധിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
അയ്യപ്പസംഗമത്തിൽ ക്ഷണിച്ചാൽ പങ്കെടുക്കും
സർക്കാർ മുൻകൈയെടുത്തു നടത്താൻപോകുന്ന അയ്യപ്പസംഗമത്തെ ബിജെപി എതിർക്കുന്നില്ലെന്നും തന്നെ ക്ഷണിച്ചാൽ താൻ സംഗമത്തിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ അയ്യപ്പസംഗമത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 10 വർഷം അയ്യപ്പന്മാരെക്കുറിച്ച് മിണ്ടാതിരുന്നിട്ട് തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ അയ്യപ്പന്മാരെ സ്നേഹിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.