പത്രങ്ങളുടെ വിശ്വാസ്യത വലുത്: സ്പീക്കര്‍
Thursday, September 11, 2025 3:19 AM IST
കോട്ടയം: വാര്‍ത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ഉണ്ടായ അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. പത്രവിതരണം അടക്കമുള്ള ജോലികള്‍ക്ക് പ്രയാസങ്ങളുണ്ട്. പത്ര വ്യവസായ രംഗത്തെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ്, സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, എന്‍.ജെ.പി.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ ലതാനാഥന്‍, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, ട്രഷറര്‍ ജമാല്‍ ഫൈറൂസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര, കോര സി. കുന്നുംപുറം, സിജി ഏബ്രഹാം, ബിജു ആര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്രമാധ്യമ രംഗത്ത് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്നും തൊഴില്‍ കോഡ് പിന്‍വലിക്കണമെന്നും പെന്ഷന് പദ്ധതികളിലെ അപാകതകള്‍ പരിഹരിക്കണമെന്നും മാധ്യമ ജീവനക്കാര്‍ക്ക് എതിരേയുള്ള അക്രമങ്ങള്‍ക്കെതിരേ പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.