സസ്പെന്ഷന് നടപടിക്കെതിരേ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
Thursday, September 11, 2025 3:19 AM IST
കൊച്ചി: സസ്പെന്ഷന് നടപടിക്കെതിരേ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
വൈസ് ചാന്‍സലറുടെയും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജിന്റെയും അസാന്നിധ്യത്തില്‍ നടന്ന രണ്ടാം സിന്‍ഡിക്കറ്റ് യോഗം നിയമപരമായി നിലനില്‍ക്കാത്തതാണെന്നും സസ്പെന്ഷന് നടപടി പിന്‍വലിച്ചത് അംഗീകരിക്കാനാവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
അതേസമയം സസ്പെന്ഷന് തുടരണമോയെന്ന് തീരുമാനമെടുക്കാന്‍ സിന്‍ഡിക്കറ്റിന് അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മുഖേന വൈസ് ചാന്‍സലര്‍ സിന്‍ഡിക്കറ്റ് യോഗം വിളിച്ചുചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സിന്‍ഡിക്കറ്റ് തീരുമാനം മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നായിരുന്നു രജിസ്ട്രാറുടെ വാദം. എന്നാല്‍ ഞായറാഴ്ച ദിവസം പ്രത്യേക യോഗം ചേര്‍ന്നാണ് സിന്‍ഡിക്കറ്റ് സസ്പെന്ഷന് പിന്‍വലിച്ചതെന്നും, അജന്‍ഡയില്‍ നിന്നു മാറിയാണ് വിഷയം പരിഗണിച്ചതെന്നുമായിരുന്നു വിസിയുടെ വാദം.
സിന്‍ഡിക്കേറ്റ് യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് വിസിക്കാണ് അധികാരമുള്ളതെന്ന് മുന്‍ ഉത്തരവുകളും സര്‍വകലാശാല ആക്ടുമടക്കം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. വിസി വിളിച്ച യോഗം പിരിച്ചുവിട്ട ശേഷം മറ്റൊരു യോഗം വിളിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് നിയമപരമായി ഇല്ല. അതിനാല്‍ സസ്പെന്ഷന് പിന്‍വലിച്ച തീരുമാനത്തിന് സാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.