ഇനി രാജ്ഭവനിലെ സമ്മാനങ്ങൾ ജനങ്ങൾക്കും കാണാം
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: ഗവർണർമാർക്കു ലഭിച്ച മനോഹരങ്ങളായ ഉപഹാരങ്ങൾ പൊതുജനങ്ങൾക്കു കാണാൻ കഴിയുന്ന തരത്തിൽ രാജ്ഭവനിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇതു സംബന്ധിച്ച് സംസ്ഥാന മ്യൂസിയം ഡയറക്ടർ മഞ്ജുളാ ദേവിയുമായി ചർച്ച നടത്തി.
അതിഥികൾ എത്തുന്പോഴും വിവിധ പരിപാടികളിൽ പങ്കെടുക്കുന്പോഴും ഗവർണർക്ക് ലഭിക്കുന്ന ശിൽപങ്ങൾ, ചിത്രങ്ങൾ, പ്രതിമകൾ, വിഗ്രഹങ്ങൾ, മെമന്റോകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ രാജ്ഭവനിലെ വിവിധ മുറികളിൽ സൂക്ഷിച്ചിട്ടുണ്ട്.
അമൂല്യമായ ഈ കലാസന്പത്ത് പൊതുജനങ്ങൾക്കു കാണാൻ അവസരമൊരുക്കുകയാണ്. രാജാ രവി വർമയുടെ അഞ്ച് ഒറിജിനൽ പെയിന്റിംഗുകളും രാജ്ഭവനിലെ ശേഖരത്തിലുണ്ട്. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും ഭരണഘടനാപാരന്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പ്രദർശനം.