അക്ഷയ: സര്‍വീസ് ചാര്‍ജ് വർധിപ്പിക്കണമെന്ന ഹര്‍ജി തള്ളി
Thursday, September 11, 2025 3:19 AM IST
കൊച്ചി: അക്ഷയ കേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
സര്‍ക്കാരുമായി കാലാകാലങ്ങളിലുണ്ടാക്കുന്ന കരാര്‍പ്രകാരമാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കാണ് ഇവയ്ക്കു ബാധകമാകുകയെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അക്ഷയ കേന്ദ്ര സംരംഭക സംഘടനകള്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് എന്‍. നഗരേഷ് തള്ളിയത്.
അക്ഷയ കേന്ദ്രങ്ങള്‍ സാധാരണക്കാരുടെ സേവനത്തിനുള്ളതാണെന്നും ലാഭമുണ്ടാക്കുന്ന ബിസിനസ് കേന്ദ്രങ്ങളായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അക്ഷയ കേന്ദ്രങ്ങളുടെ പുതിയ നിരക്ക് നിശ്ചയിച്ച് ഓഗസ്റ്റ് ആറിന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ നിലവിലെ ആനുകൂല്യങ്ങള്‍പ്പോലും നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്.