ഡിസിഎൽ
Thursday, September 11, 2025 2:20 AM IST
കൊച്ചേട്ടന്റെ കത്ത്
എന്തൊരു നമ്മളാണ് നമ്മൾ!
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
"വെറും ആളുകളുടെ കൂട്ടമല്ല നമ്മൾ; ഹൃദയങ്ങളുടെ കൂട്ടായ്മയാണ് നമ്മൾ', എന്ന് ഓരോ മലയാളിയേയും ഓർമ്മിപ്പിച്ചുകൊണ്ട്, കടന്നുവന്ന നമ്മുടെ പൊന്നോണം, അതു സത്യമാണ് എന്ന് അനുഭവിപ്പിച്ചാണ് കടന്നുപോയത്. "നാനാത്വത്തിൽ ഏകത്വം എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള നമ്മുടെ ശേഷിയാണ്, നമ്മുടെ നാഗരികതയുടെ, ഹൃദയ വികാസത്തിന്റെ അടയാളം’ എന്നു പറഞ്ഞ നമ്മുടെ ഗാന്ധിജിയുടെ വാക്കുകളുടെ അർത്ഥവും ഭാവവും മലയാളി മനസു നിറയെ അനുഭവിച്ച കാലമാണ് ഓണക്കാലം. പത്രങ്ങളിലും ടെലിവിഷനിലും നവമാധ്യമലോകത്തും ഒരുപോലെ ആവേശത്തോടെ അവതരിപ്പിക്കപ്പെട്ട ഓണക്കാഴ്ചകൾ കണ്ടപ്പോൾ, "എന്തൊരു നമ്മളാണ് നമ്മൾ' എന്നാണ് കേരളത്തെ നോക്കി പറയാൻ തോന്നിയത്.
വ്യക്തിഗത കളികളേക്കാളും മത്സരങ്ങളേക്കാളും സമൂഹത്തിന്റെ കൂട്ടായ്മ ഉണർത്തുന്ന സംഘകളികളാണ് ഓണാഘോഷങ്ങളിൽ കൂടുതൽ! ഓണപ്പാട്ട് ഒറ്റക്കൊരാളായല്ല, ഒന്നിലേറെപ്പേർ ഒരുമിച്ചാണ് പാടാറുള്ളത്. "വടംവലി' ഇല്ലാതെ ഓണമില്ല. വടംവലിക്ക് ഒരാൾതന്നെ എന്തുചെയ്യും.? രണ്ടു വിഭാഗങ്ങളായി അത്യന്തം വാശിയോടെ ഒരേ വശത്തേക്ക് ഒരുമിച്ചു വലിക്കുന്ന വടംവലി ജയിച്ചാലുണ്ടാകുന്ന അഹ്ലാദനിറവിൽ വിജയികൾ തമ്മിൽ ചോദിക്കും: "എന്തൊരു നമ്മളാണ് നമ്മൾ!'
ഒരാൾക്ക് ഒറ്റയ്ക്ക് പുലികളി നടത്താനാവില്ല, വെറുതെ കിടന്ന് ചാടാം എന്നല്ലാതെ നാടിളക്കി, കാണികളുടെ ഹൃദയങ്ങളെ ഉഴുതുമറിച്ച് മനസുകളിൽ ആവേശവും കൗതുമുണർത്തണമെങ്കിൽ ഒട്ടേറെ പുലികളും വേട്ടക്കാരും ഒന്നിച്ചിറങ്ങുകതന്നെ വേണം.
ഓണക്കാലത്ത് മലയാളി ലോകത്തിനു നൽകുന്ന ഒരത്ഭുതമല്ലേ, നമ്മുടെ വള്ളംകളി! നതോന്നത വൃത്തത്തിന്റെ താളക്കൊഴുപ്പിൽ തിത്തിത്താര തിത്തിത്തെയ്, തിത്തെയ് തകതെയ്തെയ്തോം പാടുന്ന ഗായകർക്കൊപ്പം അനേക നാളുകളുടെ കഠിന പരിശീലനം കഴിഞ്ഞാണ് വീയപുരം ചുണ്ടനും കാരിച്ചാൽ ചുണ്ടനും നടുഭാഗം ചുണ്ടനും പായിപ്പാടൻ ചുണ്ടനും ജവഹർ തായങ്കരിയും ശ്രീഗണേശനും, ഗബ്രിയേലും എല്ലാം നൂറിനും നൂറ്റന്പതിനുമിടയിൽ തുഴക്കാരുമായി പുന്നമടക്കായലിന്റെ ചിറ്റോളങ്ങളെ കീറിമുറിച്ച് ചീറിപ്പായുന്നത്.
കിളിത്തട്ടുകളിയും തുന്പിതുള്ളലും ഏറ്റവും വശ്യസുന്ദരമായ തിരുവാതിരകളിയും കൈകൊട്ടിക്കളിയും എല്ലാം സംഘകളികളാണ്. "ഒറ്റയായാൽ നീ ഒരു തുള്ളിയാകും, ഒരുമിച്ചാൽ നിനക്കൊരു പ്രവാഹമാകാം' എന്ന ഹെലൻ കെല്ലറിന്റെ വാക്കുകൾ നമ്മൾ നമ്മളാകേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുകയാണ്.
പല പല വിഭവങ്ങൾ ചേർന്ന് പായസവും ഓണസദ്യയും ഉണ്ടാകുന്നതുപോലെ വ്യത്യസ്തരായ വ്യക്തികൾ ചേർന്നാണ് കുടുംബവും സമൂഹവും രൂപീകരിക്കപ്പെടുന്നത്. ഒരു നൂലുകൊണ്ടല്ല, ഒരായിരം നൂലുകളുടെ കലാപരമായ വിന്യാസംകൊണ്ടാണ് വസ്ത്രങ്ങൾ വർണ വിസ്മയം തീർക്കുന്നത്. ഹൃദയം ഹൃദയത്തെ കണ്ടുമുട്ടുന്ന ഇടമാണ് "നമ്മൾ' എന്ന പദം. സ്വന്തം കുടുംബത്തിൽ നമ്മൾ ഭാവംതീർക്കുന്നവർക്കു മാത്രമേ സമൂഹത്തെ ഒരുമയിലേക്കു നയിക്കാനാവൂ. ഞങ്ങളും നിങ്ങളുമായി തല്ലിപ്പിരിയാനും പിരിക്കാനും കാരണം കണ്ടെത്തുന്നവർ നമ്മൾ എന്ന ഭാവത്തിന്റെ ഭംഗിയാസ്വദിക്കാത്തവരാണ്.
ഓണക്കാലത്ത്, മലയാളി, പായസമധുരം ഹൃദയത്തിൽ നിറച്ച്, ഹൃദയങ്ങൾ തേടി നടക്കുകയായിരുന്നു. പരസ്പരം സദ്യയുടെ രുചി സമൃദ്ധിയും പായസത്തിന്റെ മധുരവും പൂക്കളത്തിന്റെ വർണസമൃദ്ധിയും മലയാളിയുടെ പഞ്ചേന്ദ്രിയങ്ങളും നിറയ്ക്കുന്ന ഹൃദയ സമ്മേളനങ്ങളുടെ ആരവം നമ്മോട് എന്നും മന്ത്രിച്ചുകൊണ്ടേയിരിക്കും, എന്തൊരു നമ്മളാണ് നമ്മൾ! നമ്മൾ ഭാവത്തിന്റെ പ്രായോഗിക ഭാഷ്യങ്ങളായി മലയാളി മാറട്ടെ. മനസു നന്നാവട്ടെ, നാടു പൊന്നാവട്ടെ!
സ്നേഹാശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
"തിരുവാതിര'യും "കുട്ടിത്തിരുവാതിര'യും തരംഗമായി; മത്സരം സെപ്റ്റംബർ 30 വരെ
ഡിസിഎൽ കൂട്ടുകാർക്കായി കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ എഴുതി, ചാന്ദ്നി കൃഷ്ണകുമാർ ആലപിച്ച "പൊന്നോണത്തോണി അണിഞ്ഞൊരുങ്ങി' എന്ന തിരുവാതിര ഗാനം നൂറുകണക്കിന് സ്കൂളുകളിലാണ് ഓണക്കാലത്ത് ആരവമുയർത്തിയത്. ഡിസിഎൽ കൊച്ചുകൂട്ടുകാർക്കായി അവതരിപ്പിച്ച "കുഞ്ഞോണം' എന്ന കൊച്ചുഗാനം "കുട്ടിത്തിരുവാതിര' എന്ന പേരിൽ കെ.ജി., എൽ.പി. വിഭാഗങ്ങൾക്കുള്ള മത്സരമാക്കിയതും ഏറെ ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്വാഗതം ചെയ്തത്.
ഓണാഘോഷം ലോകമാസകലമുള്ള മലയാളികൾക്ക് ഹൃദയത്തിന്റെ ഒരുമയുടെ പെരുമ ഘോഷിക്കാനുള്ള കാലമാണ്. ഇപ്പോഴും മനസിൽ മലയാണ്മയുടെ പച്ചപ്പുള്ളവരെല്ലാം ഓണം പൊടിപൊടിച്ചു. വിദ്യാലയങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഒന്നുചേർന്ന് കളിക്കാൻ ഒരുമയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു തിരുവാതിരയുടെയും കുട്ടിത്തിരുവാതിരയുടെയും ഗാനങ്ങൾ.
"പൂക്കളം' പുതുമയായി
ഡിസിഎൽ വിദ്യാലയങ്ങൾക്കായി അണിയിച്ചൊരുക്കിയ പൂക്കളം മത്സരവും നിരവധി വിദ്യാലയങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിദ്യാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും മാതാപിതാക്കളും ചേർന്ന് പൂക്കളമിടുന്നതിന്റെയും പൂർത്തിയായ പൂക്കളത്തിന്റെയും വീഡിയോ എടുത്ത് അയയ്ക്കുന്നതായിരുന്നു പൂക്കള മത്സരം.
സംസ്ഥാനതല ബാഡ്മിന്റൺ മത്സരം
ദീപിക ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. ഒക്ടോബർ 25-നാണു സംസ്ഥാനതല മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും മത്സരം.
സംസ്ഥാനതലത്തിൽ നടത്തപ്പെടുന്ന ഈ മത്സരത്തിൽ കേരളത്തിലെ എല്ലാ ഡിസിഎൽ പ്രവിശ്യകളിൽനിന്നും ഇരുവിഭാഗത്തിലുംപെട്ട ഓരോ ഡബിൾസ് ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്. ഡിസിഎൽ ശാഖകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽപഠിക്കുന്ന കുട്ടികൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. പ്രവിശ്യാതലത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിലെ വിജയികളാകുന്ന ടീമുകൾക്കാണ് സംസ്ഥാനതലമത്സരത്തിലേക്കു പ്രവേശനം.
പ്രവിശ്യാതല മത്സര വിജയികൾക്ക് ട്രോഫിയും സർട്ടിഫികറ്റും നൽകുന്നതാണ്. പ്രവിശ്യാതല മത്സരങ്ങൾ സെപ്റ്റംബർ 30-നു മുന്പായി പൂർത്തിയാകും. സംസ്ഥാനതല വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകും. വിശദ വിവരങ്ങൾക്ക് 9446294666 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.
തൃശൂർ പ്രവിശ്യാ മത്സരം സെപ്റ്റംബർ 30-ന്
തൃശൂർ പ്രവിശ്യാതല ബാഡ്മിന്റൺ മത്സരം സെപ്റ്റംബർ 30-ന് മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 8330872008 എന്ന നന്പരിൽ ബന്ധപ്പെടുക.
വിജ്ഞാനവും വിനോദവും പകർന്ന് കോഴിക്കോട് പ്രവിശ്യയുടെ ലീഡർഷിപ്പ് ക്യാമ്പ്

താമരശ്ശേരി: വിദ്യാർഥികളിൽ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും നവ്യാനുഭവം പകർന്ന് ഡിസിഎൽ കോഴിക്കോട് പ്രവിശ്യയുടെ ഇൻസ്പയർ 2K25 ലീഡർഷിപ്പ് ക്യാമ്പ്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ പുതുപ്പാടി മദർ തെരേസ ട്രെയിനിങ്ങ് സെന്ററിൽ നടന്ന ക്യാമ്പ് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
പ്രവിശ്യ ലീഡർ മേധ ഷൈജൻ അധ്യക്ഷത വഹിച്ചു. കൊച്ചേട്ടൻ ഫാ. റോയി കണ്ണഞ്ചിറ മുഖ്യപ്രഭാഷണവും പ്രവിശ്യ കോർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര ആമുഖ പ്രഭാഷണവും നടത്തി. മേഖല ഓർഗനൈസർമാരായ സിസ്റ്റർ ജോൺസി തെരേസ് SH, എഫി സയോണ, പ്രവിശ്യ കൗൺസിലർ ആൻലിയ മരിയ ആന്റണി, ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ സന്ദീപ് കളപ്പുരക്കൽ, മാത്യു മേൽവെട്ടം എന്നിവർ പ്രസംഗിച്ചു.
പ്രവിശ്യ ജനറൽ സെക്രട്ടറിമാരായ അനിറ്റ റോജൻ സ്വാഗതവും കാതറിൻ കെ. ജോജോ നന്ദിയും പറഞ്ഞു. കൂരാച്ചുണ്ട് മേഖല ഓർഗനൈസർ സാനിയ വർഗീസ് ഗാനം ആലപിച്ചു. പ്രവിശ്യ പ്രൊജക്ട് സെക്രട്ടറി ധ്യാൻ കൃഷ്ണ ബിഷപ്പിന് ഉപഹാരം കൈമാറി.
പ്രസിദ്ധ ട്രെയിനർമാരായ ജോജോ കാഞ്ഞിരക്കാടൻ, ബർണാർഡ് ജോസ്, നാടൻപാട്ട് കലാകാരൻ ഡോ. സുരേഷ് പുത്തൻപറമ്പിൽ, നാടക പരിശീലകൻ കെപി സജീവൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി ക്യാമ്പംഗങ്ങളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
മൂവാറ്റുപുഴ നിർമല കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി അഗിബെറ്റ് മാത്യൂസ്, ദേശീയ വോളിബോൾ താരം ഷാനി ജോസഫ് എന്നിവർ എയ്റോബിക്സ്, ഫിസിക്കൽ ട്രെയിനിങ്ങ് എന്നിവ നയിച്ചു.
ക്യാമ്പിനെത്തിയ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കളഭം ചാർത്തിയും ബാല്യകാല മിഠായികൾ നൽകിയും സ്വീകരിച്ചു. കാക്കവയൽ വനപർവത്തിലേക്ക് നടത്തിയ ഉല്ലാസയാത്ര, ക്യാമ്പ് ഫയർ, കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിവ വിദ്യാർഥികൾക്ക് മറക്കാനാകാത്ത അനുഭവമായി. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 79 വിദ്യാർത്ഥികൾ പങ്കെടുത്തു.
ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തൻപുരക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രിൻസ് തോമസ്, ഷെറിൻ ജോൺ, നിഖിൽ ഷാജി, ആൽബിൻ സഖറിയാസ്, സിദ്ധാർഥ് എസ് നാഥ്, ഷിൽന ദേവസ്യ, ഫാത്തിമ കെകെ, ഷിഫാന ജാസ്മിൻ വി, ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് 13ന്
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് 13-ാം തീയതി ശനിയാഴ്ച തൊടുപുഴ വിമല പബ്ലിക് എൽപി സ്കൂളിൽ നടക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.