ക്ഷീരസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണം: അധിക ചെലവിനുള്ള ഫണ്ട് കണ്ടെത്താന്‍ നിര്‍ദേശം
Thursday, September 11, 2025 2:20 AM IST
കോഴിക്കോട്: പ്രാഥമിക ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിലൂടെ സംഘങ്ങള്‍ക്കു വരുന്ന അധികചെലവിനുള്ള ഫണ്ട് കണ്ടെത്താന്‍ നിര്‍ദേശം നല്കി സംസ്ഥാന സര്‍ക്കാര്‍. ശമ്പള പരിഷ്കരണത്തിനുള്ള പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നിയോഗിക്കപ്പെട്ട 17 അംഗ സമിതിയോടാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായ സമിതി മൂന്നു മാസത്തിനകം സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നാലാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
പ്രാഥമിക ക്ഷീരസംഘങ്ങളുടെ ആകെ വ്യാപാരലാഭത്തിന്റെ അഞ്ചു ശതമാനംവരെ സ്ഥാപന, ആകസ്മിക ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ശിപാര്‍ശ നല്‍കുക, സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പാല് അളവ് കൂട്ടുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, വിവിധ ക്ഷീരസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് തസ്തികകളും ശമ്പള സ്കെയിലുകളും നിശ്ചയിക്കുന്നതിനുള്ള ശിപാര്‍ശ നല്‍കുക എന്നീ നിര്‍ദേശങ്ങളും ശമ്പള പരിഷ്കരണ സമിതിക്കു നല്‍കിയിട്ടുണ്ട്.
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബര്‍ ഒന്നിന് ഓള് കേരള ഡെയറി കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന് സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയോഗിക്കാന്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടറാണ് സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.