ചീഫ് സെക്രട്ടറിയുടെ അജ്ഞതയെ വിമർശിച്ച് എൻ. പ്രശാന്ത്
Thursday, September 11, 2025 3:19 AM IST
തിരുവനന്തപുരം: മന്ത്രിസഭയുടെ മുന്നിലെത്തുന്ന ബില്ലിൻമേലുള്ള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അജ്ഞതയെ വിമർച്ചും മന്ത്രിമാർക്കുമേൽ ഭരിക്കുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയെ എതിർത്തും സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്.
മന്ത്രിമാരെ ഓവർറൂൾ ചെയ്ത് ജോർജ് സാർ എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വന്യമൃഗ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനായി മന്ത്രിസഭയ്ക്കു മുന്നിലെത്തിയ ഭേദഗതി ബില്ലിൽ കുറിപ്പെഴുതിയ ചീഫ് സെക്രട്ടറിയുടെ നടപടിയെ വിമർശിച്ച് പ്രശാന്ത് പോസ്റ്റിട്ടത്. വന്യമൃഗ ആക്രമണങ്ങളിൽ നിന്നു സംരക്ഷണം, കരടു ബില്ലിൽ ചോദ്യങ്ങളെഴുതി ചീഫ് സെക്രട്ടറി എന്ന ദീപിക വാർത്ത ടാഗ് ചെയ്താണ് ചീഫ് സെക്രട്ടറിയുടെ നടപടിക്രമങ്ങൾ അറിയാത്ത ചീഫ് സെക്രട്ടറിയെ വിമർശിക്കുന്നത്.
പ്രശാന്തിന്റെ പോസ്റ്റിൽനിന്ന്:
ബില്ലിന്റെ കരട് ആദ്യം തയാറാക്കുന്നത് ബന്ധപ്പെട്ട വകുപ്പാണ്. വിശദമായ പഠനവും കൂടിയാലോചനകളും കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. ഈ കരട് നിയമപരമായി ശരിയാണോയെന്നും ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചാണോ എന്നും നിയമ വകുപ്പു പരിശോധിക്കും. തുടർന്ന് ഇതു വകുപ്പു സെക്രട്ടറി വഴി മന്ത്രിയുടെ മുന്നിലെത്തും. മന്ത്രിയാണ് മന്ത്രിസഭയിൽ ബിൽ അവതരിപ്പിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണനയ്ക്കു മുന്പ് ഈ കരട് ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളിലൂടെ കടന്നുപോകും. മന്ത്രിസഭയുടെ സെക്രട്ടറി എന്ന നിലയിൽ ചീഫ് സെക്രട്ടറിയുടെ പ്രധാന ജോലി, ഈ നിർദദേശം പൂർണമാണെന്നും നടപടിക്രമങ്ങൾ കൃത്യമാണെന്നും പിഴവില്ലാത്തതാണെന്നും ഉറപ്പുവരുത്തുക എന്നതാണ്.
മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിക്കഴിഞ്ഞാൽ അത് എല്ലാ മന്ത്രിമാരുടെയും കൂട്ടായ തീരുമാനമായി മാറും. പിന്നീട് ബിൽ നിയമസഭയിൽ അവതരിപ്പിക്കും. അവിടെ വിശദ ചർച്ചകൾക്കു ശേഷം ആവശ്യമെങ്കിൽ കമ്മിറ്റികളുടെ പരിശോധന കഴിഞ്ഞ് ബിൽ പാസാക്കും.
ഫയൽ മുന്നിലെത്തുന്പോഴോ അല്ലെങ്കിൽ മന്ത്രിസഭായോഗത്തിനുള്ള അജൻഡ തയാറാക്കുന്പോഴോ ഈ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരുന്നാൽ, പിന്നീട് എന്ത് തിരുത്തൽ നടത്തിയാലും അതിന് നിയമപരമായ സാധുതയുണ്ടാവില്ല.
മന്ത്രിസഭ അംഗീകരിച്ചാൽ പിന്നെ ബില്ലിനെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയില്ല. കാരണം, മന്ത്രിസഭയുടെ തീരുമാനത്തിനു മുന്പ് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു, അതിനു ശേഷമല്ല.
കഴിവുകേടും വിവരക്കേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം ’സർക്കാർ-വിരുദ്ധരെന്ന് മുദ്രണം ചെയ്താണ് ഈ ജോർജ് സാറന്മാർ ചീഫ് സെക്രട്ടറി പദവി വരെ എത്തിനിൽക്കുന്നത്.
സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങൾ മനഃപൂർവം വൈകിക്കുന്നതിൽ ആർക്കാണ് നേട്ടം? അതോ കേരളത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന, ജീവിതകാലം മുഴുവൻ ഐഎഎസിൽ ചെലവഴിച്ച ഡോ. ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? കഷ്ടം.