ദക്ഷിണ റെയില്‍വേയില്‍ വിരമിച്ച ലോക്കോ പൈലറ്റുമാർക്ക് കരാര്‍ നിയമനം
Thursday, September 11, 2025 2:20 AM IST
കോഴിക്കോട്: ദക്ഷിണ റെയില്‍വേയില്‍ സര്‍വീസില്‍നിന്നു വിരമിച്ച ലോക്കോ പൈലറ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു തുടങ്ങി. നിലവില്‍ 1300 ഒഴിവുകള്‍ ഉള്ള സാഹചര്യത്തില്‍ ലോക്കോ പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനാണു കരാര്‍ നിയമനം.
സേലം, ചെന്നൈ ഡിവിഷനുകളിലാണു നിലവില്‍ നിയമനം തുടങ്ങിയിട്ടുള്ളത്. മറ്റു ഡിവിഷനുകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പുതിയ നിയമനം നടക്കുന്നതുവരെ ഇവര്‍ തുടരും. വോളന്ററി റിട്ടയര്‍മെന്റ് എടുത്ത് സര്‍വീസ് ഉപേക്ഷിച്ചുപോയവര്‍ പോലും ഇപ്പോള്‍ കരാര്‍ നിയമനത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.
ചീഫ് ലോക്കോ ഇന്‍സ്പെക്ടര്‍,ലോക്കോ പൈലറ്റ് ഷണ്ടിംഗ്, അസി. ലോക്കോ പൈലറ്റ് എന്നീ തസ്തികകളിലാണു നിയമനം. കമ്പാര്‍ട്ട്മെന്റുകള്‍ കൂട്ടിച്ചേര്‍ക്കല്‍, എന്ജിന് ഘടിപ്പിക്കല്‍, എന്ജിന് മാറ്റി സ്ഥാപിക്കല്‍, കോച്ചുകള്‍ വേര്‍പെടുത്തല്‍, കോച്ചുകള്‍ പിറ്റ്ലൈനിലേക്കു മാറ്റല്‍ തുടങ്ങിയ ജോലികളാണ് ഇവര്‍ക്കു നല്‍കുന്നത്.
തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, സേലം, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളാണു ദക്ഷിണ റെയില്‍വേക്കു കീഴിലുള്ളത്. ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം നിലവിലുള്ളവര്‍ക്ക് അധികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. അവധി കിട്ടുന്നില്ലെന്നും കൃത്യമായ വിശ്രമം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
വീടുകളില്‍ പോകാന്‍ പറ്റുന്നില്ല. പത്തു ദിവസം തുടര്‍ച്ചയായി ഡ്യൂട്ടിയെടുത്താല്‍ 30 മണിക്കൂറാണ് വിശ്രമസമയം. ഒരു ദിവസം പോലും വീട്ടില്‍ നില്ക്കാന് പറ്റാത്ത അവസ്ഥയാണെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. 30 ശതമാനം പേര് റിസര്‍വ് വേണമെന്ന നിബന്ധന പാലിക്കാന്‍ കഴിയുന്നില്ല. അടിയന്തരഘട്ടത്തില്‍പോലും അവധി നല്‍കുന്നില്ല.
2016ന് ശേഷം റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരെ നിയമിച്ചിട്ടില്ല. നിലവില്‍ രാജ്യത്ത് 34,000 ഒഴിവുകള്‍ ഉണ്ട്. പുതിയ യാത്രാ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും കൂടിവരുന്നു. ഒരു വര്‍ഷം ശരാശരി 3,500 ലോക്കോ പൈലറ്റുമാര്‍ വിരമിക്കുന്നുണ്ട്. ഈ ഒഴിവുകളിലൊന്നും നിയമനം നടക്കുന്നില്ല.
ലോക്കോ പൈലറ്റുമാരുടെ നിയമനത്തിനുള്ള നടപടികള്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. 2024-ല്‍ 18000 ലോക്കോ പൈലറ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ രണ്ടു ഘട്ടം പരീക്ഷകള്‍ കഴിഞ്ഞു. ഇനി സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ പരിശോധന, തുടങ്ങിയവ നടക്കാനുണ്ട്.
ഇതിനുപുറമേ ടെക്നിക്കല്‍ കോഴ്സും ഫീല്‍ഡ് ട്രെയിനിംഗും ഉണ്ടാകും. പൊതുവേ മെല്ലെപ്പോക്ക് നയമായതിനാല്‍ നിയമനത്തിന് ആറുമാസത്തിലധികം സമയമെടുക്കുമെന്നാണ് ലോക്കോ പൈലറ്റുമാരുടെ സംഘടനാ നേതാക്കള്‍ പറയുന്നത്. സമയബന്ധിതമായി ഈ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയാല്‍ നിയമന നടപടികള്‍ വേഗത്തിലാക്കാനും സാധിക്കും.