സിഐ പി.എം. രതീഷിനെതിരേ വീണ്ടും ആരോപണം; മുഖത്തടിച്ചെന്ന പരാതിയുമായി വയോധികൻ
Thursday, September 11, 2025 3:19 AM IST
പട്ടിക്കാട് (തൃശൂർ): മർദനക്കേസിൽ ആരോപണവിധേയനായ സിഐ പി.എം. രതീഷ് മുഖത്തടിച്ചെന്ന പരാതിയുമായി പീച്ചി സ്വദേശിയായ വയോധികൻ. തെക്കേക്കുളം മനയ്ക്കപ്പാടം കല്ലിങ്ങൽ പ്രഭാകരനാണ് (72) പീച്ചി സ്റ്റേഷനിൽവച്ച് ദുരനുഭവം നേരിട്ടത്.
സാമ്പത്തിക തട്ടിപ്പിൽപ്പെട്ട് പരാതിയുമായി സ്റ്റേഷനിൽ എത്തിയ പ്രഭാകരനെ അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പി.എം. രതീഷ് അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയെയും അസഭ്യംപറഞ്ഞ് സ്റ്റേഷനിൽനിന്നു പുറത്താക്കിയെന്നും പ്രഭാകരൻ പറഞ്ഞു.
2023 നവംബറിലാണ് സംഭവം. മുദ്ര ലോൺ ശരിയാക്കിത്തരാം എന്നുപറഞ്ഞ് അയൽവാസിയായ ശ്രീപ്രിയ എന്ന യുവതി നടത്തിയ സാമ്പത്തിക തട്ടിപ്പിനെതുടർന്നാണ് ഭാര്യയോടൊപ്പം പ്രഭാകരൻ പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിയത്.
പരാതിക്കാരിയായ ഭാര്യ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ആക്രോശിച്ച് അസഭ്യം പറഞ്ഞ രതീഷ് അവരെ മുറിയിൽനിന്നു പുറത്താക്കി. തുടർന്ന് തട്ടിപ്പു നടത്തിയ യുവതിയുടെ മുന്നിൽവച്ച് മുക്കാൽ മണിക്കൂറോളം പ്രഭാകരനെ ചോദ്യംചെയ്യുകയും മുഖത്തടിക്കുകയും ചെയ്തു. സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ പുറത്തറിയരുതെന്നു ഭീഷണിയും മുഴക്കിയെന്നു പ്രഭാകരൻ പറഞ്ഞു.
തുടർന്നു മുഖ്യമന്ത്രിക്കു പരാതിനൽകുകയും എസിപി മൊഴിയെടുക്കുകയും ചെയ്തെങ്കിലും വേണ്ട നടപടികൾ ഉണ്ടായില്ലെന്നു പ്രഭാകരൻ പറഞ്ഞു. സംഭവത്തിനുശേഷം മാനസികവും ശാരീരികവുമായി തകർന്ന പ്രഭാകരൻ നിരന്തരചികിത്സയിലാണ്.
പ്രഭാകരനിൽനിന്നു പണം തട്ടിയെടുത്ത യുവതിയെ കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ 188 ഗ്രാം മുക്കുപണ്ടം പണയംവച്ച് 12,35,000 രൂപ തട്ടിയെടുത്ത കേസിൽ പിടികൂടിയിരുന്നു.
പീച്ചി എസ്ഐ ആയിരുന്ന രതീഷ് ഹോട്ടൽ മാനേജരെയും മറ്റും മർദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് മർദനം സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നത്. രതീഷ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചെന്നു വില്ലേജ് അസിസ്റ്റന്റ് അസർ കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു.