"കാന്താര 2' കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല: ഫിയോക്
Thursday, September 11, 2025 3:19 AM IST
കൊച്ചി: കന്നഡ സിനിമ "കാന്താര 2' ന് കേരളത്തില്‍ വിലക്ക്. ലാഭവിഹിതവുമായി ബന്ധപ്പെട്ടു വിതരണക്കമ്പനിയുമായി നടത്തിയ ചര്‍ച്ച ഫലംകാണാതെ പിരിഞ്ഞതോടെയാണു ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള (ഫിയോക്) വ്യക്തമാക്കിയത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. സിനിമയുടെ ആദ്യ രണ്ടു ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സിനിമയ്ക്കു വിലക്കേർപ്പെടുത്തിയത്. 17ന് ജനറല്‍ബോഡി യോഗം ചേര്‍ന്ന് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണു ഫിയോക് തീരുമാനം.
നിലവില്‍ മലയാളചിത്രങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ 30 മുതല്‍ 40 ശതമാനം വരെയാണു ലാഭവിഹിതം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം കേരളത്തില്‍ നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
ചിത്രം ഒക്ടോബര്‍ രണ്ടിന് ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ റിലീസ് ചെയ്യാനിരിക്കെയാണു ഫിയോക് പ്രതിഷേധവുമായി രംഗത്തെത്തിയത്.