പുത്തൻ ഉണർവിന് വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 8, 2025 1:44 AM IST
കാത്തിരിപ്പിനൊടുവിൽ അനുകൂല വാർത്തകൾ ഇന്ത്യൻ ഓഹരിവിപണിയിൽ പുത്തൻ ഉണർവിനു വഴിതെളിക്കുന്നു. അമേരിക്കൻ പ്രതിരോധങ്ങളെ തകർക്കാൻ ചരടുവലികൾക്ക് എഷ്യൻ സഖ്യം നടത്തിയ നീക്കം സാമ്പത്തിക മേഖലയിൽ കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കും. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ദീപാവലിക്കു മുന്നോടിയാള്ള വെടിക്കെട്ടിന് ഓഹരിവിപണി ഉടനെ തുടക്കം കുറിക്കാം.
ഇന്ത്യക്കും ചൈനയ്ക്കുമൊപ്പം റഷ്യ സംയുക്തമായി നടത്തിയ പുതിയ പ്രഖ്യാപനങ്ങളും ധനമന്ത്രാലയം നികുതി ഘടനയിൽ വരുത്തിയ പരിഷ്കാരങ്ങളും ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവിനു വേഗത സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണു വിപണി വൃത്തങ്ങൾ.
ആഗോളതലത്തിൽ രണ്ടാം സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നത് ഉണർവ് ഉളവാക്കും. പുതിയ നിക്ഷേപ പ്രവാഹങ്ങൾ, നിർമാണ സാങ്കേതികവിദ്യ, ചൈനയുടെ ശുദ്ധ ഊർജ വിതരണ ശൃംഖലകളിലേക്കുള്ള പ്രവേശനം ഇന്ത്യൻ വളർച്ചയ്ക്കു വേഗത സമ്മാനിക്കാം. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയുടെ ചൈനീസ് കയറ്റുമതി 14.2 ബില്യൺ ഡോളർ മാത്രമാണ്, എന്നാൽ ഇറക്കുമതി 113.5 ബില്യൺ ഡോളറാണ്.
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം പ്രതികാര തീരുവയുടെ ആഘാതം ജനുവരിക്ക് മുന്നേ ഇന്ത്യ മറികടക്കാമെന്ന് അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിനിടയിൽ ചൈനീസ് പ്രസിഡന്റിനെ അമേരിക്കൻ പര്യടനത്തിനു ക്ഷണിച്ചതിനു പിന്നിൽ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങുമെന്ന യുഎസ് വാണിജ്യ ഉപദേഷ്ടാക്കളിൽനിന്നുള്ള സമ്മർദമായി വിലയിരുത്താം.
ഇതിനിടെ റിസർവ് ബാങ്ക് പലിശനിരക്കിൽ കൂടുതൽ ഇളവുകൾക്ക് നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് ബുൾ ഓപ്പറേറ്റർമാർ. ആർബിഐ ജനുവരിക്ക് ശേഷം അടിസ്ഥാന പലിശ നിരക്കിൽ 100 ബേസിസ് പോയിന്റ് കുറവ് വരുത്തി. ദീപാവലിക്ക് മുന്നോടിയായി പുതിയ പ്രഖ്യാപനം കേന്ദ്രബാങ്കിൽനിന്നും പ്രതീക്ഷിക്കാം, നാണയപെരുപ്പം നിയന്ത്രണത്തിൽ നീങ്ങുന്ന സാഹചര്യത്തിൽ. ജിഎസ്ടി ഇളവുകൾ ഉത്സവവേളയിൽ വാഹനവിൽപ്പന ഉയർത്തും.
ഒപ്പം, കാർ നിർമാതാക്കളുടെ ഓഹരികളിലും ഉണർവിന് സാധ്യത. ഓട്ടോ ഓഹരികൾ പോയവാരം മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുചക്ര വാഹനങ്ങൾ, ചെറിയ കാറുകൾ, ബസ്, ട്രക്ക് തുടങ്ങിയവയുടെ നികുതി 28ൽനിന്ന് 18 ശതമാനമാക്കിയത് ഓട്ടോ സൂചികയെ അഞ്ച് ശതമാനം ഉയർത്തി.
ഇന്ത്യൻ വിപണിയെ തളർത്താൻ രാജ്യാന്തര ഫണ്ടുകൾ നടപ്പ് വർഷം ഓഹരിയിൽനിന്നും 16 ബില്യൺ ഡോളറാണ് പിൻവലിച്ചത്. യുഎസ് തീരുവ വിഷയം വിവിധ കമ്പനികളുടെ വരുമാനത്തെ ദുർബലപ്പെടുത്തിയത് മൂലം ഈ വർഷം നിഫ്റ്റിക്ക് നാലര ശതമാനമേ ഉയരാനായുള്ളൂ.
നിഫ്റ്റി സൂചിക പോയ വാരം 314 പോയിന്റ് ഉയർന്നു. സൂചിക 24,426 പോയിന്റിൽനിന്നും മുൻവാരം വ്യക്തമാക്കിയ 24,833 ലെ ആദ്യ പ്രതിരോധം തകർത്ത് രണ്ടം പ്രതിരോധമായി സൂചിപ്പിച്ച 25,240 നെ ലക്ഷ്യമാക്കി നീങ്ങിയങ്കിലും 24,933 വരെ ഉയർന്നുള്ളു. വാരാന്ത്യം സൂചിക 24,741 പോയിന്റിലാണ്.
നിഫ്റ്റിക്ക് ഈ വാരം 24,94625,152 പോയിൻറ്റിൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 25,577 വരെ മുന്നേറാം. വിപണിക്ക് 24,52124,302 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം.
സെൻസെക്സ് 79,809നിന്നും 80,028 പോയിന്റിലേക്ക് താഴ്ന്ന ഘട്ടത്തിൽ പുറത്തുവന്ന അനുകൂല വാർത്തകൾ നിക്ഷേപകരെ ബ്ലൂചിപ്പ് ഓഹരികളിൽ പിടിമുറുക്കാൻ പ്രേരിപ്പിച്ചതോടെ സൂചിക 81,297 പോയിന്റ് വരെ ഉയർന്നങ്കിലും വ്യാപാരാന്ത്യം 80,710 പോയിന്റിലാണ്. സെൻസെക്സിന് ഈ വാരം 81,32881,947 പോയിന്റിൽ പ്രതിരോധമുണ്ട്, ഇതു മറികടന്നാൽ 83,216 വരെ സഞ്ചരിക്കാം. ഉയർന്ന റേഞ്ചിൽ വിൽപ്പനസമ്മർദം ഉടലെടുത്താൽ 80,05979,409 പോയിന്റിൽ താങ്ങുണ്ട്.
വിദേശ ഓപ്പറേറ്റർമാർ പോയവാരം വിറ്റഴിച്ചത് 5666.90 കോടി രൂപയുടെ ഓഹരികളാണ്, തുടർച്ചയായ പത്താം വാരമാണ് അവർ വിൽപ്പനകാരായത്. ആഭ്യന്തര ഫണ്ടുകൾ ഇതുപതാം വാരത്തിലും വാങ്ങലുകാരാണ്. പോയവാരം അവർ നിക്ഷേപിച്ചത് 13,444.09 കോടി രൂപയാണ്.
വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പന മൂലം രൂപയുടെ മൂല്യത്തിൽ റിക്കാർഡ് തകർച്ച. ഡോളറിന് മുന്നിൽ 88.27ൽ ഇടപാടുകൾ തുടങ്ങിയ രൂപ ഒരവസരത്തിൽ 87.98ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് റിക്കാർഡ് തകർച്ചയായ 88.36ലേക്ക് നീങ്ങിയ ശേഷം ക്ലോസിംഗിൽ 88.26 ലാണ്.
രാജ്യാന്തര സ്വർണ വിലയിൽ റിക്കാർഡ് മുന്നേറ്റം. ട്രോയ് ഔൺസിന് 3446 ഡോളറിൽ നിന്നും 3547 പ്രതിരോധം തകർത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 3600 ഡോളറിൽ ഇടപാടുകൾ നടന്നു. യു എസ് തൊഴിൽ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി ഫെഡ് റിസർവ് പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് ഒരുങ്ങുമെന്ന സൂചനകൾ നിക്ഷേപകരെ മഞ്ഞലോഹത്തിൽ വാങ്ങലുകാരാക്കി. നിലവിലെ ബുള്ളിഷ് മൂഡ് കണക്കിലെടുത്താൽ 3700 ഡോളർ അകലെയല്ല. അതേ സമയം ലാഭമെടുപ്പിന് ഏതവസരത്തിലും ഫണ്ടുകൾ നീക്കം നടത്താം.