പൊന്നിനു പൊന്നും വില! ; പവന് 79,560
Saturday, September 6, 2025 10:58 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും സർവകാല റിക്കാർഡിൽ . ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 9, 945 രൂപയും പവന് 79,560 രൂപയുമായി. സ്വർണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 55 രൂപ മാത്രം മതി.
അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വിലയായ ട്രോയ് ഔൺസിന് 3600 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.20 ഉം ആണ്. 24കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി അഞ്ചുലക്ഷം രൂപ ആയി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി. ലോകത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും സ്വർണത്തിന് പോസിറ്റീവ് ആയിട്ടാണ് ഇപ്പോൾ സംഭവിക്കുന്നത്.
ദീപാവലിയോടെ സ്വർണവില പതിനായിരത്തിൽ എത്തും എന്നാണ് പ്രവചനം. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസ് 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.