ഒക്ടോബർ മുതൽ ചെക്ക് ക്ലിയറൻസ് വേഗത്തിലാകും
Monday, September 8, 2025 1:44 AM IST
മുംബൈ: ബാങ്കുകളിൽനിന്ന് ചെക്ക് ക്ലിയറൻസിന് ഒക്ടോബർ മുതൽ ഉപയോക്താക്കാൾ രണ്ടു ദിവസം വരെ കാത്തിരിക്കേണ്ട. ഒക്ടോബർ മുതൽ ബാങ്കുകളിൽ നിന്നും വേഗത്തിൽ ചെക്ക് മാറിയെടുക്കാം.
ബാങ്കിൽനിന്നു ചെക്ക് മാറിയെടുക്കുന്ന നടപടി മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാനുള്ള സംവിധാനം ഒക്ടോബർ നാലു മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കും. ഇതിനു രണ്ടു ഘട്ടങ്ങളാണുള്ളത്. ഒക്ടോബർ നാലു മുതലുള്ള ആദ്യ ഘട്ടവും 2026 ജനുവരി മൂന്നു മുതലുള്ള രണ്ടാം ഘട്ടമായി റിസർവ് ബാങ്ക് നടപ്പാക്കും.
ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിംഗ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിംഗ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതോടെ മണിക്കൂറുകൾക്കുള്ളിൽതന്നെ പണം ലഭിക്കും.
രണ്ടു ഘട്ടങ്ങൾ
ഒക്ടോബർ 4 മുതൽ 2026 ജനുവരി 2 വരെ: ആദ്യ ഘട്ടത്തിൽ ഓരോ ദിവസവും രാവിലെ പത്ത് മുതൽ വൈകുന്നേരം നാലു വരെ ലഭിക്കുന്ന ചെക്കുകൾ ബാങ്കുകൾ ക്ലിയൻസിനായി അയയ്ക്കും. അന്നേ ദിവസം രാത്രി ഏഴിനു മുന്പ് ചെക്ക് സാധുവാണോ അല്ലെങ്കിൽ അസാധുവാണോ എന്ന കാര്യം ഇടപാടുകാരെ അറിയിക്കണം.
2026 ജനുവരി 3 മുതൽ: രണ്ടാംഘട്ടത്തിൽ ചെക്കിന്റെ കാര്യത്തിൽ തീരുമാനം മൂന്നു മണിക്കൂറിനുള്ളിൽ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയിൽ ലഭിക്കുന്ന ചെക്കുകൾ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയർ ചെയ്തിരിക്കണം.