വിൻഫാസ്റ്റ് എസ്യുവികൾ അവതരിപ്പിച്ചു
Saturday, September 6, 2025 10:58 PM IST
മുംബൈ: വിയറ്റ്നാമീസ് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൽ ഇലക്ട്രിക് എസ്യുവികളായ വിഎഫ്6, വിഎഫ്7 അവതരിപ്പിച്ചു. വിൻഫാസ്റ്റ് വിഎഫ്6ന് 16.49 ലക്ഷത്തിലും വിഎഫ്7ന് 20.89 ലക്ഷത്തിലുമാണ് വില ആരംഭിക്കുന്നത്. രണ്ടു പ്രാരംഭ വിലകളും എക്സ്ഷോറും വിലകളാണ്.
ഈ രണ്ട് ഇലക്ട്രിക് എസ്യുവികളുടെയും വില ടാറ്റ, മഹീന്ദ്ര ഇലക്ട്രിക് എസ്യുവികളേക്കാൾ പിന്നിലാണ്. വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ തമിഴ്നാട്ടിലെ തൂത്തുക്കുടി പ്ലാന്റിലാണ് വിഎഫ്6, വിഎഫ്7 എന്നിവ അസംബിൾ ചെയ്യുന്നത്. ഇതുതന്നെയാണ് രണ്ട് മോഡലുകളുടെയും വിലയിൽ കുറവു വരുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത്. ഈ വിലക്കുറവ് ഇന്ത്യയിലെ ഇലക്ട്രിക് എസ്യുവി വിപണിയിൽ മത്സരം ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
വിൻഫാസ്റ്റ് വിഎഫ്6 ഇവി
വിഫ്6ൽ 59.6കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. 25 മിനിറ്റ് ഫാസ്റ്റ് റീചാർജിംഗിൽ 10-70% ചാർജ് നേടാൻ കഴിയും. എആർഎഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റർ ഉറപ്പാക്കുന്നു. ഇന്ത്യയിലെ ആവശ്യമനുസരിച്ച് 2730 എംഎം വീൽ ബേസും 190 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.
വിഎഫ്6 ന് രണ്ട് ഇന്റീരിയർ ട്രിം നിറങ്ങളും എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നീ മൂന്ന് വകഭേദങ്ങളുമുണ്ട്
വിൻഫാസ്റ്റ് വിഎഫ്7 ഇവി
വിഎഫ്7 വലിയ മോഡലാണ്. 4500 മില്ലി മീറ്റർ നീളവും 2840 എംഎം വീൽബേസുമാണുള്ളത്. എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി, സ്കൈ, സ്കൈ ഇൻഫിനിറ്റി എന്നീ അഞ്ചു വകഭേദങ്ങളിലായി രണ്ടു ബാറ്ററി (59.6കെഡബ്ല്യുഎച്ച് , 70.8 കെഡബ്ല്യുഎച്ച്) പായ്ക്കുകളാണുള്ളത്.
വിഎഫ്6, വിഫ്7 എന്നിവയുടെ ബുക്കിംഗ് ജൂലൈയിൽ തുടങ്ങി. 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഗ്രൂപ്പുകളുമായി കരാറിലായെന്ന് കന്പനി അറിയിച്ചു.