ഓണക്കാലം: പാല്, തൈര് വില്പനയില് സര്‍വകാല റിക്കാര്‍ഡുമായി മില്‍മ
Saturday, September 6, 2025 10:58 PM IST
തിരുവനന്തപുരം: ഓണക്കാലത്ത് പാല്, തൈര്, മറ്റ് പാലുത്പന്നങ്ങള്‍ എന്നിവയുടെ വില്പനയില് സര്‍വകാല റിക്കാര്‍ഡുമായി മില്‍മ.
ഉത്രാടം ദിനത്തില്‍ മാത്രം 38,03,388 ലിറ്റര്‍ പാലും 3,97,672 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള് വഴി വിറ്റത്. കഴിഞ്ഞവര്‍ഷം പാലിന്റെ മൊത്തം വില്‍പ്പന 37,00,209 ലിറ്ററും തൈരിന്റെ വില്പന 3,91,923 കിലോയുമായിരുന്നു.
തിരുവോണത്തിനു മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,16,77,314 ലിറ്റര്‍ പാലും 13,76,860 കിലോ തൈരുമായിരുന്നു വില്പന. ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്.
ഓഗസ്റ്റ് ഒന്നു മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്പന 991.08 ടണ്ണായി ഉയര്‍ന്നു. ക്ഷീരോത്പന്നങ്ങളുടെ വിപണിയില്‍ മില്‍മ പ്രഥമസ്ഥാനം നിലനിര്‍ത്തുകയും ഓരോ വര്‍ഷവും വില്പന ക്രമാനുഗതമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മില്‍മ എറണാകുളം മേഖലാ യൂണിയന് നേട്ടം
കൊച്ചി: എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന് ഓണക്കാലത്ത് പാലിന്റെയും പാലുത്പന്നങ്ങളുടെയും വില്പനയില് സർവകാല റിക്കാര്‍ഡ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓണക്കാലത്ത് 58 ലക്ഷം ലിറ്റര്‍ പാൽ വിപണിയിൽ ലഭ്യമാക്കി. 3,83,000 കിലോ തൈരും കൂടാതെ 2.35 മെട്രിക് ടണ്‍ നെയ്യും, 70,000 പാക്കറ്റ് പായസം മിക്സും ഉള്‍പ്പെടെ ആറു കോടിയുടെ വില്പനയാണ് നടത്തിയത്.
ഉത്രാട ദിനത്തില്‍ മാത്രം മേഖലാ യൂണിയന് 11 ലക്ഷം ലിറ്റര്‍ പാലും 90,000 കിലോ തൈരും വിറ്റഴിച്ച് ചരിത്രനേട്ടം കുറിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാടനാളില്‍ പാലിന് മൂന്നിരട്ടിയോളം വില്പന ഉണ്ടായി.
മില്‍മയുടെ സ്വന്തം വിപണനശൃഖല വഴിയും നൂതന വിപണന സംവിധാനമായ ക്വിക്ക് കോമേഴ്സ് ഉപയോഗപ്പെടുത്തിയും മില്‍മ ഷോപ്പികള്‍ വഴിയും വിപണനം നടത്തിയാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 2,15,000 ലിറ്റര്‍ പാലും, 30,000 കിലോ തൈരും, മറ്റ് ഉത്പന്നങ്ങളില്‍ 15 ശതമാനം വില്പനവര്ധനയും കൈവരിച്ചിട്ടുണ്ട്.
മികച്ച നേട്ടം കൈവരിക്കുന്നതിന് ജീവനക്കാര്‍, വിതരണക്കാര്‍, മറ്റ് ചെറുകിട ഏജന്റുമാര്‍ എന്നിവരുടെ സഹകരണം പ്രധാനമാണെന്ന് മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍ പിള്ള പറഞ്ഞു.