സ്വദേശ് സമ്മാൻ ദേശീയപുരസ്കാരം കെഎസ്എഫ്ഇ ഏറ്റുവാങ്ങി
Thursday, September 11, 2025 12:03 AM IST
തൃശൂർ: കേന്ദ്രസർക്കാരിന്റെ സ്വദേശ് സമ്മാൻ ദേശീയപുരസ്കാരം കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ ഏറ്റുവാങ്ങി.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആറാമത് സ്വദേശി കോണ്‍ക്ലേവിൽ കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിൽനിന്നു കെഎസ്എഫ്ഇ ചെയർമാൻ വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എംഎൻബിസി എന്ന നേട്ടത്തിനുപിന്നാലെയാണ് ദേശീയപുരസ്കാരം തേടിയെത്തിയത്. കേന്ദ്ര ഐടി സഹമന്ത്രി ജതിൻ പ്രസാദിന്റെ സാന്നിധ്യത്തിൽ സുപ്രീം കോടതി ജസ്റ്റീസ് കൊടീശ്വർ സിംഗ് കെഎസ്എഫ്ഇക്കു കീർത്തിപത്രം സമ്മാനിച്ചു.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണു സ്വദേശ് സമ്മാൻ പുരസ്കാരം. ദലൈലാമ, രത്തൻ ടാറ്റ, അമർത്യസെൻ, ലത മങ്കേഷ്കർ എന്നിവരും ഐഎസ്ആർഒ, ബ്രഹ്മോസ്, ആകാശവാണി, പ്രസാർ ഭാരതി എന്നിവയും മുൻവർഷങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റീസും പ്രമുഖ വ്യവസായികളും കലാകാരൻമാരും അടങ്ങുന്ന ഒന്‍പതംഗ പാനലാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഈ നാടിന്റെ ധൈര്യം എന്ന കെഎസ്എഫ്ഇയുടെ പുതിയ മുദ്രാവാചകം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനാണു പ്രകാശനം ചെയ്തത്. സ്വദേശ് സമ്മാൻ പുരസ്കാരത്തിലൂടെ ഈ വാചകം അന്വർഥമാക്കുകയാണെന്നു ധനമന്ത്രി കെ. ബാലഗോപാലും പറഞ്ഞു. വിശ്വാസ്യത, സുതാര്യത, കേരള സർക്കാർ നൽകുന്ന ഉറപ്പ് എന്നിവയാണ് കെഎസ്എഫ്ഇയുടെ പ്രധാന ശക്തികളെന്നു ചെയർമാൻ വരദരാജൻ പറഞ്ഞു.
സ്ഥിരമായ ലാഭക്ഷമത, ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾ, നവീകരണശ്രമങ്ങൾ, സാങ്കേതികമുന്നേറ്റങ്ങൾ, ജീവനക്കാരുടെ സംഭാവനകൾ എന്നിവയുടെ ഫലമാണ് പുരസ്കാരമെന്നു മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പറഞ്ഞു. 2024-25 സാന്പത്തികവർഷത്തിൽ 512 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണു സ്ഥാപനമെന്നും അദ്ദേഹം പറഞ്ഞു.