ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചാൽ; 70 ലക്ഷം തൊഴിലവസരം
Sunday, September 14, 2025 2:07 AM IST
ന്യൂഡൽഹി: രാജ്യത്തെ ഉപയോഗ ശൂന്യവും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ പൊളിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ചരക്കുസേവന നികുതി ഇനത്തിൽ 40,000 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ഇതിലൂടെ 70 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇത്തരത്തിൽ 97 ലക്ഷം വാഹനങ്ങൾ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം മൂന്ന് ലക്ഷം വാഹനങ്ങളാണ് പൊളിച്ചത്. ഇതിൽ 1.41 ലക്ഷവും സർക്കാർ വാഹനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ പ്രകൃതിസൗഹൃദമായ രീതിയിൽ ഒഴിവാക്കുന്നതിനാണ് വോളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡണൈസേഷൻ പ്രോഗ്രാം (വിവിഎംപി) കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്.
മോട്ടോർ വാഹന നിയമപ്രകാരം വാണിജ്യ വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം വരെ ഓരോ രണ്ട് വർഷത്തിലും പിന്നീട് വാർഷികാടിസ്ഥാനത്തിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സ്വകാര്യ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കേണ്ട 15 വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ ഓരോ അഞ്ച് വർഷത്തിനിടയിലും ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. സർക്കാർ ആവശ്യങ്ങൾക്കുള്ള ഒൗദ്യോഗിക വാഹനങ്ങൾക്ക് സാധാരണ 15 വർഷമാണ് കാലാവധി. ഇത് കഴിഞ്ഞാൽ പൊളിക്കുകയാണു പതിവ്.
അഞ്ച് ശതമാനം ഡിസ്കൗണ്ട്
പുതിയ വാഹനം വാങ്ങുന്പോൾ സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞത് അഞ്ച് ശതമാനം കിഴിവെങ്കിലും പരിഗണിക്കണമെന്ന് മന്ത്രി വാഹന കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവകാരുണ്യപ്രവർത്തനമല്ല, ഇങ്ങനെ ചെയ്താൽ ആവശ്യകത വർധിക്കും. ജിഎസ്ടി പരിഷ്കാരം വാഹന വിപണിക്ക് ഏറെ ഗുണം ചെയ്യും. വാഹനങ്ങൾ പൊളിക്കുന്നതിലൂടെ വാഹനഘടക ഉത്പന്നങ്ങളുടെ ചെലവ് 25 ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹനവിപണി ലോകത്തിലെ ഏറ്റവും വലുതാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നിലവിൽ 22 ലക്ഷം കോടി രൂപ മൂല്യമുള്ള ഇന്ത്യൻ വാഹന വിപണി ലോകത്തിലെ മൂന്നാമത്തെതാണ്. 78 ലക്ഷം കോടി രൂപ മൂല്യമുള്ള യുഎസ് വാഹന വിപണി ഒന്നാമതും 47 ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് വാഹന വിപണി രണ്ടാമതുമാണ്.
ഇ27 പെട്രോൾ വരും
ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതിക്കായി രാജ്യം ഓരോ വർഷവും 22 ലക്ഷം കോടി രൂപ ചെലവാക്കുന്നു. ഈ ഇന്ധനങ്ങളാൽ നമ്മൾ മലിനീകരണപ്രശ്നം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയെ ഉൗർജത്തിലേക്ക് വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി ഉൗന്നിപ്പറഞ്ഞു. കരിന്പ്, അരി, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവയിൽനിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ.
27 ശതമാനം എഥനോൾ ചേർത്ത ഇ27 പെട്രോൾ രാജ്യത്ത് നടപ്പിലാക്കുമെന്നും ഗഡ്കരി പറഞ്ഞു. ബ്രസീൽ പോലുള്ള രാജ്യങ്ങൾ കഴിഞ്ഞ 49 വർഷമായി 27 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഒരുക്കമല്ല. ആവശ്യമായ പരീക്ഷണങ്ങൾക്കുശേഷം ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പെട്രോളിയം മന്താലയത്തിന് ഇതുസംബന്ധിച്ച ശിപാർശ നൽകും. മന്ത്രാലയത്തിന്റെ ശിപാർശ ലഭിച്ചാൽ കേന്ദ്രമന്ത്രിസഭ ഇ27 സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023ൽ 20 ശതമാനം എഥനോൾ കലർത്തന്ന പെട്രോൾ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഇ20 പെട്രോൾ മാത്രം വിൽക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. എൻജിനുകൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് നാശപ്രതിരോധം സാധ്യമാക്കി നിലവിൽ വാഹന എൻജിനുകൾക്ക് ഇ20ൽ പ്രവർത്തിക്കാൻ കഴിയും.