പണപ്പെരുപ്പം ഉയർന്നു
Saturday, September 13, 2025 12:16 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ഓഗസ്റ്റിൽ ഉയർന്നു.
ജൂലൈയിലെ എട്ടു വർഷത്തെ താഴ്ചയായ 1.61 ശതമാനത്തിൽനിന്നു 46 ബേസിസ് പോയിന്റ് ഉയർന്ന് 2.07 ശതമാനമാണ് ഓഗസ്റ്റിലേത്. എങ്കിലും റിസർവ് ബാങ്കിന്റെ കണക്കായ നാലു ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം. പച്ചക്കറികൾ, മാംസം, മത്സ്യ, എണ്ണകൾ, മുട്ട, പേഴ്സൺ കെയർ ഉത്പന്നങ്ങൾ എന്നിവയിലുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമായത്.
ഭക്ഷ്യ പണപ്പെരുപ്പം കുറച്ച് പുരോഗതി കാണിച്ചെങ്കിലും നെഗറ്റീവ് സോണ് വിട്ടില്ല. ഭക്ഷ്യപണപ്പെരുപ്പം നെഗറ്റീവ് ആകുന്നത് തുടർച്ചയായ മൂന്നാം മാസമാണ്. ജൂലൈയിലെ -1.76 ശതമാനത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ -0.69 ശതമാനത്തിലെത്തി. കഴിഞ്ഞ മാസം ഭക്ഷ്യവിഭാഗത്തിലെ വിലക്കയറ്റപ്രവണതകൾ സമ്മിശ്രമായിരുന്നു.
ധാന്യങ്ങളുടെ വിലക്കയറ്റം 2.7 ശതമാനമായി കുറഞ്ഞു. പാൽ, പാലുത്പന്നങ്ങൾ ജൂലൈയിലെ 2.74 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 2.63 ആയി നേരിയ കുറവുണ്ടായി. പഴങ്ങളുടെ വിലക്കയറ്റം 14.42 ശതമാനത്തിൽനിന്ന് 11.65 ശതമാനമായി കുറഞ്ഞു.
പച്ചക്കറികളുടെ വിലക്കയറ്റം -20.69 ശതമാനത്തിൽനിന്ന് -15.92 ശതമാനത്തിലേക്കു താഴ്ന്നു. എന്നാൽ ഇതേ സമയത്ത് പ്രോട്ടീൻ സംപുഷ്ടമായ ആഹാര സാധനങ്ങളുടെ വിലയിൽ ഗണ്യമായി വർധനവുണ്ടായി.
ഗ്രാമീണ, നഗര മേഖലകളിൽ മൊത്ത പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും ഉയർന്നു. ഗ്രാമപ്രദേശങ്ങളിൽ പണപ്പെരുപ്പം ജൂലൈയിലെ 1.18 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 1.69 ശതമാനത്തിലെത്തി. ഭക്ഷ്യ പണപ്പെരുപ്പം -1.74 ശതമാനത്തിൽനിന്ന് -0.70 ശതമാനത്തിലേക്ക് ഉയർന്നു.
നഗരങ്ങളിലെ പണപ്പെരുപ്പം കുത്തനെയാണ് ഉയർന്നത്. ജൂലൈയിൽ രേഖപ്പെടുത്തിയ 2.10 ശതമാനത്തിൽനിന്ന് 2.47 ശതമാനത്തിലേക്കെത്തി.ഇതോടൊപ്പം ഭക്ഷ്യപണപ്പെരുപ്പം -1.90 ശതമാനത്തിൽനിന്ന് -0.58 ശതമാനമായി വർധിച്ചു.
അടുത്ത പ്രധാന മേഖലകളിൽ വിദ്യാഭ്യാസ പണപ്പെരുപ്പം 3.60 ശതമാനമായി ചുരുങ്ങി. ജൂലൈയിൽ 4.11 ശതമാനമാണ് രേഖപ്പെടുത്തിയത്. ആരോഗ്യരംഗത്തെ പണപ്പെരുപ്പത്തിലും താഴ്ചയുണ്ടായി. ജൂലൈയിലെ 4.57 ശതമാനത്തേക്കാൾ താഴ്ന്ന് ഓഗസ്റ്റിൽ 4.40 ശതമാനത്തിലെത്തി.
ഉയർന്ന പണപ്പെരുപ്പം: കേരളം മുന്നിൽ
രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും ഉയർന്ന സംസ്ഥാനമെന്ന സ്ഥാനം കേരളം തുടർച്ചയായ എട്ടാം മാസവും നിലനിർത്തി. ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. ഓഗസ്റ്റിൽ 8.89 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കിൽ ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കുയർന്നു.
വിലക്കയറ്റത്തോതിൽ രണ്ടാം സ്ഥാനത്തുള്ള കർണാടയുടെ പണപ്പെരുപ്പം 3.81 ശതമാനമാണ്. ജമ്മു കാഷ്മീർ 3.75%, പഞ്ചാബ് 3.51%, തമിഴ്നാട് 2.93% എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങൾ.
ഒഡീഷ -0.55, ആസാം -0.66 എന്നിവയാണ് പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനങ്ങൾ.