ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ x പാക് പോരാട്ടം ഇന്ന് രാത്രി 8.00ന്
Sunday, September 14, 2025 2:26 AM IST
ദുബായ്: ലോക ക്രക്കറ്റിലെ ചരിത്രപരമായ അയല്‍വാശിക്ക് ഇന്നു ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അയല്‍പ്പോര് രാത്രി എട്ടിന് ആരംഭിക്കും. സോണി ടെന്‍ സ്പോര്‍ട്സിലും സോണി ലിവിലും മത്സരം തത്സമയം കാണാം.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ മുഖാമുഖമിറങ്ങുന്ന ആദ്യ മത്സരമാണ്. അതുകൊണ്ടുതന്നെ കളത്തിനു പുറത്തുള്ള രാഷ്ട്രീയ പിരിമുറുക്കവും ഇന്നത്തെ മത്സരത്തിനുണ്ട്. ക്യാപ്റ്റന്മാരുടെ മുഖാമുഖത്തില്‍ പാക് ക്യാപ്റ്റന്‍ സല്മാന് അലി അഘ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കിയിരുന്നില്ല. മുന്‍ കാലങ്ങളിലും പോരാട്ടങ്ങള്‍ക്കു വിരുദ്ധമായിരുന്നു അത്. അപ്പോള്‍ മുതല്‍ ഇന്ത്യ x പാക് പോരാട്ടത്തിന്റെ തീവ്രത അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു.
ആധികാരിക ജയങ്ങള്‍
2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ആധികാരിക ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ 93 പന്ത് ബാക്കിവച്ച് യുഎഇയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയിരുന്നു. 13.1 ഓവറില്‍ യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ 60 എടുത്തായിരുന്നു ഇന്ത്യയുടെ ജയം.
പാക്കിസ്ഥാന് ആകട്ടെ ഒമാനെ 93 റണ്‍സിനു കീഴടക്കിയാണ് എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു. തുടര്‍ന്ന് 16.4 ഓവറില്‍ ഒമാനെ 67 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. ഗ്രൂപ്പ് എയില്‍ ഇരു ടീമിനും ഓരോ ജയമുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യയുടെ അടുത്തെങ്കും പാക്കിസ്ഥാന് ഇല്ല. ഇന്ത്യയുടെ റണ്‍ റേറ്റ് +10.483, പാക്കിസ്ഥാന്റേത് +4.650.
ഇരുടീമും തമ്മിലുള്ള വ്യത്യാസം
ആദ്യമത്സരത്തില്‍ ഇരുടീമും ജയിച്ചെങ്കിലും ഇന്ത്യ ബാറ്റിംഗ് ലൈനപ്പിന് ശരിക്കുള്ള പരീക്ഷണം നേരിടേണ്ടിവന്നില്ല എന്നതാണ് വാസ്തവം. അതേസമയം, പാക്കിസ്ഥാന്റെ ബാറ്റിംഗ് ലൈനപ്പ് ഒമാനെതിരേ ശരിക്കും പരീക്ഷിക്കപ്പെട്ടു. സ്പിന്നിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നതാണ് ദുബായ് പിച്ചിന്റെ സ്വഭാവമെന്ന് കഴിഞ്ഞ മത്സരങ്ങളില്‍ വ്യക്തമായതാണ്.
അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ് എന്നിവരായിരുന്നു യുഎഇക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റര്‍മാര്‍. ഇവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ ഓള് റൗണ്ടര്‍മാര്‍. ഏക പേസറായി ജസ്പ്രീത് ബുംറ, സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും. ഇന്നു പാക്കിസ്ഥാനെതിരേയും ഈ ലൈനപ്പില്‍ ഇന്ത്യ തുടരുമോ എന്നതും കണ്ടറിയണം.
മാറ്റത്തിന്റെ കാലം
ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏഷ്യ കപ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത് 2022ല്‍ ആണ്. അന്ന് പാക്കിസ്ഥാനായിരുന്നു ജയം. രാജ്യാന്തര വേദിയില്‍ ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് 2024 ഐസിസി ട്വന്റി-20 ലോകകപ്പില്‍ ആയിരുന്നു. അന്ന് ഇന്ത്യ 119 റണ്‍സ് പ്രതിരോധിച്ച് ജയം സ്വന്തമാക്കി. എന്നാല്‍, ഇതിനുശേഷം പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ടീമില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടായി.
പാക് സംഘത്തില്‍നിന്ന് മുഹമ്മദ് റിസ്വാനും ബാബര്‍ അസവും പുറത്ത്. ഇന്ത്യന്‍ നിരയില്‍നിന്ന് രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചു. ഇരു ടീമും തങ്ങളുടെ ട്രാന്‍സ്ഫോമേഷന്‍ കാലഘട്ടത്തിലാണെന്നു ചുരുക്കം.
ഇന്ത്യ x പാക് ചരിത്രം
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ട്വന്റി-20 ഫോര്‍മാറ്റില്‍ ഇതുവരെ 13 തവണ ഏറ്റുമുട്ടി. അതില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2024 ട്വന്റി-20 ലോകകപ്പില്‍ 119 പ്രതിരോധിച്ച് ആറ് റണ്‍സിന്റെ ജയം നേടിയതാണ് സമീപനാളിലെ ഏറ്റവും വലിയ ത്രില്ലര്‍. 2022 മെല്വണില് വച്ച് ലോകകപ്പിലും ഇന്ത്യ (4 വിക്കറ്റ്) ജയം സ്വന്തമാക്കിയിരുന്നു.
13 മത്സരം കളിച്ചതില്‍ ഇന്ത്യ ഒമ്പത് ജയം നേടി. പാക്കിസ്ഥാന് മൂന്നു ജയം മാത്രമാണുള്ളത്. ഒരു മത്സരം ടൈയില്‍ കലാശിച്ചെങ്കിലും ബോള്‍ ഔട്ടിലൂടെ വിധി നിശ്ചയിച്ചപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. 2007 പ്രഥമ ലോകകപ്പില്‍ ആയിരുന്നു ഈ സൂപ്പര്‍ പോരാട്ടം.
ഇന്ത്യയും പാക്കിസ്ഥാനും ഇന്നു നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ അയല്‍വാശിക്ക് ഒട്ടും കുറവുണ്ടാകില്ലെന്ന് ഉറപ്പ്...