ഇന്ത്യ x പാക് മത്സരം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി
Friday, September 12, 2025 2:57 AM IST
ന്യൂഡൽഹി: ഞായറാഴ്ച് നടക്കാനിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാൻ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാതെ സുപ്രീംകോടതി. വിഷയത്തിൽ അടിയന്തര വാദം ആവശ്യപ്പെട്ടെങ്കിലും ലിസ്റ്റ് ചെയ്യാൻ പോലും കോടതി സമ്മതിച്ചില്ല.
മത്സരം ഞായറാഴ്ചയാണെന്നും അതിനാൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. അങ്ങനെയാണെങ്കിൽ മത്സരം തുടരട്ടെയെന്നും വിഷയത്തിൽ ഇടപെടുന്നില്ലെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശവിരുദ്ധമാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെയും പൗരന്മാരുടെയും ജീവൻ വിലകുറച്ച് കാണുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.