ക്യാപ്റ്റൻ സൂര്യ
Friday, September 12, 2025 2:57 AM IST
ദുബായ്: ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണോ സൂര്യകുമാര്‍ യാദവ്..? 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നല്‍ത്തുടക്കം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തൊപ്പിക്കും തിളക്കമേകി. യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ടശേഷം 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ജയം.
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണ് 57. 2023ല്‍ അഹമ്മദാബാദില്‍വച്ച് ന്യൂസിലന്‍ഡ് 66 റണ്‍സിനു പുറത്തായതായിരുന്നു ഇതിനു മുമ്പത്തെ റിക്കാര്‍ഡ്. 93 പന്തുകള്‍ ബാക്കിവച്ചാണ് ഇന്ത്യ ജയത്തിലെത്തിയത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് ബാക്കിവച്ചുള്ള ഇന്ത്യയുടെ ജയം.
രോഹിത്, കോഹ്ലി പിന്തള്ളപ്പെട്ടു
ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റനായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. യുഎഇക്ക് എതിരായ ജയത്തോടെ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യയുടെ വിജയശതമാനം 82.60 ആണ്. 2024 ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് സൂര്യകുമാര്‍ യാദവ് പിന്തള്ളിയത്.
80.60 ആണ് രോഹിത്തിന്റെ കീഴില്‍ ഇന്ത്യയുടെ വിജയ ശതമാനം. വിരാട് കോഹ്ലി (66.70%) ഇതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഹാര്‍ദിക് പാണ്ഡ്യ (62.50%) 2007 പ്രഥമ ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച എം.എസ്. ധോണി (60.60%) എന്നിവരാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
ക്യാപ്റ്റന്‍ കൂള്‍ II
യുഎഇക്ക് എതിരേ ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്രിക്കറ്റ് നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മധ്യനിരയില്‍ സഞ്ജു സാംസണിനെയും ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി എന്നു മാത്രമല്ല, രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരെയും ഒരു സ്പിന്‍ ഓള് റൗണ്ടറിനെയും പ്ലേയിംഗ് ഇലവനില്‍ അണിനിരത്തിയാണ് സൂര്യകുമാര്‍ യാദവിന് യുഎഇക്ക് എതിരേ ഇറങ്ങിയത്.
സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, പ്ലേയിംഗ് ഇലവന് മെസേജ് ആയി അയച്ചു തരാമെന്നും സഞ്ജുവിന് അര്‍ഹിച്ച പരിഗണന നല്‍കുമെന്നും ചിരിയോടെ ഉത്തരം നല്കിയ സൂര്യകുമാര്‍ യാദവ് എന്ന ബുദ്ധിമാനായ ക്യാപ്റ്റനെയും ദുബായില്‍ കണ്ടു. എം.എസ്. ധോണിക്കുശേഷം ഇന്ത്യയുടെ രണ്ടാം ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സൂര്യകുമാറിന് അനുയോജ്യം.
ജെന്റില്മാന്
ജെന്റില്‍മാന്‍സ് ഗെയിമാണ് ക്രിക്കറ്റ് എന്നതിന്റെ സൂര്യകുമാര്‍ വേര്‍ഷനും ദുബായില്‍ യുഎഇക്ക് എതിരായ മത്സരത്തിനിടെ കണ്ടു. യുഎഇ ഇന്നിംഗ്സിലെ 13-ാം ഓവറില്‍ ജുനൈദ് സിദ്ധിഖിനെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് അണ്ടര്‍ ആം ത്രോയിലൂടെ റണ്ണൗട്ടാക്കിയിരുന്നു.
എന്നാല്‍, ശിവം ദുബെ പന്ത് എറിയാനെത്തുന്നതിനിടെ ടൗവ്വല് നിലത്തു വീണത് ജുനൈദ് സിദ്ധിഖ് ചൂണ്ടിക്കാണിച്ചു. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ ജുനൈദ് ക്രീസില്‍ തുടര്‍ന്നു.
അതിവേഗ ചേസിംഗില്‍ (4.3 ഓവര്‍) ഇന്ത്യയുടെ പുതിയ റിക്കാര്‍ഡാണിത്. 2021ല്‍ സ്കോട്ലന്ഡിനെ 6.3 ഓവറില്‍ ചേസ് ചെയ്ത് തോല്‍പ്പിച്ചത് ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.