ഇന്ത്യക്ക് എതിരാളിയില്ല; പഞ്ചാബ് കിംഗ്സ് ഇലവന് പങ്കുവച്ച പോസ്റ്റർ വൈറൽ
Saturday, September 13, 2025 1:16 AM IST
ചണ്ഡീഗഡ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുന്നത്.
ആദ്യ മത്സരത്തിൽ യുഎഇയെ തകർത്ത ഇന്ത്യ ടൂർണമെന്റിലെ രണ്ടാം ജയം ലക്ഷ്യമിട്ട് ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ നേരിടും. എന്നാൽ മത്സരത്തിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് ഇലവൻ പുറത്തുവിട്ട പോസ്റ്റർ വൈറലാണ്.
എതിർ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിംഗ്സ് ഇലവൻ പോസ്റ്റർ തയാറാക്കിയത്. പോസ്റ്ററിൽ ഇന്ത്യൻ ടീമിന്റെ ചിഹ്നമുണ്ട്. എതിർ ടീമിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാക്കിസ്ഥാൻ ടീമിന്റെ ചിഹ്നമില്ല. സെപ്റ്റംബർ 14നാണ് മത്സരമെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
നിലവിലെ ചാന്പ്യൻമാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെ സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ചിത്രത്തോടെയാണ് പഞ്ചാബ് പോസ്റ്റർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനുമായി കളിക്കുന്നതിൽനിന്ന് ഇന്ത്യൻ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു.