സാത്വിക്- ചിരാഗ് സഖ്യം സെമിയിൽ
Saturday, September 13, 2025 1:16 AM IST
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം. സൂപ്പർ 500 ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ സഖ്യം പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ 21-14, 20-22, 21-16 സ്കോറിനാണ് ഇന്ത്യൻ സഖ്യം മറികടന്നത്.
അടുത്ത മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിംഗ് വെയ് സഖ്യത്തെയാണ് ഇരുവരും നേരിടുക.
സമീപ ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് സാത്വിക്- ചിരാഗ് സഖ്യം കാഴ്ചവയ്ക്കുന്നത്. ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സഖ്യം വെങ്കല മെഡൽ നേടിയിരുന്നു.
ലക്ഷ്യ സെൻ സെമിയിൽ:
ഇന്ത്യൻ താരങ്ങൾ പോരടിച്ച പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ലക്ഷ്യ സെൻ സെമിയിൽ കടന്നു. 21-16, 17-21, 21-13 സ്കോറിന് ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി.
സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നോ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.