സൂചികകൾ കരുത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 15, 2025 1:45 AM IST
യുഎസ് തീരുവ യുദ്ധ ഭീഷണികൾക്കിടയിൽ ഇന്ത്യൻ നിക്ഷേപകനെ വിറ്റ് തോൽപ്പിക്കാമെന്ന മോഹം ബാക്കിവച്ച് വിദേശ ഫണ്ടുകൾ രംഗത്ത് തിരിച്ചെത്തി. അവരുടെ തിരിച്ചുവരവിനിടയിൽ മൂന്നാം വാരവും ഇൻഡക്സുകൾ മികവ് നിലനിർത്തിയെന്ന് മാത്രമല്ല തുടർച്ചയായി എട്ട് പ്രവൃത്തിദിനങ്ങളിൽ മുൻനിര സൂചികകൾക്ക് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കാനുമായി. ഇൻഡക്സുകൾ ഒന്നര ശതമാനം കരുത്ത് നേടി. ബോംബെ സെൻസെക്സ് 1194 പോയിന്റും നിഫ്റ്റി സൂചിക 695 പോയിന്റും പ്രതിവാര മികവിലാണ്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ നവംബറോടുകൂടി പ്രതീക്ഷിക്കാം. ഇതിന് മുന്നേ ഫെഡ് റിസർവ് പലിശനിരക്കുകളിൽ വീണ്ടും ഭേദഗതികൾക്ക് മുതിരുമെന്ന ഭീതി വിദേശ ഫണ്ടുകളെ ഇന്ത്യയിൽ നിക്ഷേപകരാക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായാൽ ഏഷ്യൻ രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച തീരുവയിൽനിന്നും പിൻമാറാൻ അമേരിക്ക നിർബന്ധിതമാവും. ഇന്ത്യക്കു മേലുള്ള ചുങ്കം ഉയർത്തണമെന്ന അമേരിക്കൻ ആവശ്യത്തെ ജി-7 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ യോഗം പിന്തുണച്ചെങ്കിലും കടുത്ത നിലപാടുകൾക്ക് മുന്നേ അവർക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വരും.
വിദേശ ഫണ്ടുകൾ തിരിച്ചെത്തുന്നു
മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് ദീപാവലിക്കു മുന്നോടിയായുള്ള വെടിക്കെട്ടിന് ഓഹരി വിപണി ഉടനെ തുടക്കം കുറിക്കുമെന്ന്. ആ വിലയിരുത്തൽ ശരിവച്ച് വിദേശ ഫണ്ടുകൾ പോലും ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ രംഗത്ത് തിരിച്ചെത്തി. നിഫ്റ്റി സൂചിക പോയവാരത്തിലെ 24,741 പോയിന്റിൽനിന്നും മുൻവാരം സൂചിപ്പിച്ച 24,946ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും രണ്ടാം പ്രതിരോധമായ 25,152ലെ തടസം തകർക്കാനായില്ല. സൂചിക 25,134 വരെ ഉയർന്ന അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് നീക്കം നടത്തിയതിനാൽ വാരാന്ത്യ ക്ലോസിംഗിൽ നിഫ്റ്റി സൂചിക 25,114 പോയിന്റിലാണ്.
വിപണിക്ക് ഈ വാരം 25,243-25,372 പോയിന്റുകളിൽ തടസം നേരിടാം, ഇത് മറികടന്നാൽ 25,740 നെ ലക്ഷ്യമാക്കി സൂചിക ചുവടുവയ്ക്കും. അതേസമയം ഉയർന്ന റേഞ്ചിൽ വീണ്ടും പ്രോഫിറ്റ് ബുക്കിംഗിന് നീക്കമുണ്ടായാൽ വിപണിക്ക് 24,875-24,636 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പരാബോളിക്ക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുൾ ഓപ്പറേറ്റർമാർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തുന്നു. ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ട് മേഖലയിലേക്കു പ്രവേശിക്കുന്നത് കണക്കിലെടുത്താൽ വാരത്തിന്റെ രണ്ടാംപാദത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്ത് ഇറങ്ങാം.
നിഫ്റ്റി സെപ്റ്റംബർ ഫ്യൂച്ചർ വാരാന്ത്യം 25,210ലാണ്. ഒന്നര ശതമാനത്തിന് അടുത്ത് മുന്നേറിയെങ്കിലും 25,300ലെ കടന്പ തകർക്കാനായില്ല. ഈ വാരം അതിന് കഴിയുമെന്ന് വേണം വിലയിരുത്താൻ. ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽനിന്ന് 166 ലക്ഷം കരാറായി കുറഞ്ഞു. വിദേശ ഓപ്പറേറ്റർമാരുടെ തിരിച്ചുവരവിനിടയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിന് നീക്കം നടത്തിയതാവും ഓപ്പൺ ഇന്ററസ്റ്റ് കുറയാൻ ഒരു കാരണം. അതേസമയം ഫ്യൂച്ചേഴ്സിൽ പുതിയ ബയർമാരുടെ അഭാവം ബലഹീനതായി മാറാം.
പുതിയ ബയർമാർ രംഗത്ത് ഇറങ്ങിയാൽ 25,300ലെ ആദ്യ പ്രതിരോധം അതിവേഗം മറികടക്കാനാവും. ഈ അവസരത്തിൽ ഉടലെടുക്കാനാൻ ഇടയുള്ള ബുള്ളിഷ് ട്രെൻഡും ഊഹക്കച്ചവടക്കാരുടെ ഷോർട്ട് കവറിംഗും 26,000ലേക്ക് സെറ്റിൽമെന്റിന് മുന്നേ എത്തിക്കാനാവും. തിരിച്ചടി നേരിട്ടാൽ 50 ദിവസങ്ങളിലെ ശരാശരിയായ 24,900ൽ താങ്ങുണ്ട്.
സെൻസെക്സ് 80,710 പോയിന്റിൽനിന്നും ശക്തമായ ഫണ്ട് ബയിംഗിൽ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 81,328-81,947 പോയിന്റുകളിലെ പ്രതിരോധങ്ങൾ തകർത്ത് 81,977 വരെ കയറി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ അന്ന് സൂചിപ്പിച്ച 83,216 വരെ സഞ്ചരിക്കാനുള്ള കരുത്ത് വാരമധ്യതോടെ കൈവരിക്കാം. എങ്കിലും ഈ വാരം സെൻസെക്സിന് 82,323-82,743 പോയിന്റുകളിൽ തടസം നിലനിൽക്കുന്നു. മുന്നേറ്റത്തിനിടയിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ 81,131 - 80,372ലേക്ക് തിരുത്തലിന് ശ്രമിക്കാം.
രൂപയുടെ തകർച്ച തുടരുന്നു
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഡോളറിന് മുന്നിൽ 88.26ൽ ഇടപാടുകൾ തുടങ്ങിയ രൂപ ഒരു വേള സർവകാല റിക്കാർഡ് തകർച്ചയായ 88.45ലേക്ക് ഇടിഞ്ഞു. പോയവാരം രൂപ 87.95-88.45 റേഞ്ചിലാണ് സഞ്ചരിച്ചത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 88.62ൽ പ്രതിരോധമുണ്ട്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ കരുത്താകുന്നു
വിദേശ ഓപ്പറേറ്റർമാർ 2180 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, ഇതിനിടയിൽ അവർ 3472.37 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 21-ാം വാരവും വിപണിക്ക് ശക്തമായ പിന്തുണ നൽകി കൊണ്ട് നിക്ഷേപകരായി തുടരുന്നു. അവർ 13,702.23 കോടി രൂപയുടെ വാങ്ങൽ നടത്തി. ഇതോടെ സെപ്റ്റംബറിലെ അവരുടെ നിക്ഷേപം 27,146.32 കോടി രൂപയായി ഉയർന്നു. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം 11,169 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 3594 ഡോളറിൽ നിന്നും 3667 ഡോളർ വരെ ഉയർന്ന് ചരിത്രം സൃഷ്ടിച്ചു. മുൻവാരം സൂചിപ്പിച്ചത് പോലെ 3700 ഡോളർ അകലെയല്ല. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് മൂലം വാരാന്ത്യം 3641 ഡോളറിലാണ്. വിപണി ബുള്ളിലെങ്കിലും ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 3600 ‐ 3574 ഡോളറിൽ സ്വർണത്തിന് താങ്ങ് പ്രതീക്ഷിക്കാം.