ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
Monday, September 15, 2025 2:09 AM IST
ലണ്ടൻ: യുകെയിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ സംഘർഷം. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണ് ആണ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ‘സ്റ്റാൻഡ് അപ് ടു റേസിസം’ എന്ന സംഘടന നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു.
കുടിയേറ്റവിരുദ്ധ റാലിയിൽ പങ്കെടുത്തവരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്കു പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അക്രമവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് ദേശീയ പതാക), സെന്റ് ജോർജ് പതാക, സ്കോട്ടിഷ്, വെൽഷ് പതാക എന്നിവയുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനെതിരേ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ രംഗത്തെത്തി. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാർമർ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നല്കി.
“സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതു നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യമുള്ള നമ്മുടെ രാജ്യത്തെയാണു പതാക പ്രതിനിധീകരിക്കുന്നത്. ബ്രിട്ടന്റെ തെരുവുകളിൽ പശ്ചാത്തലമോ തൊലിയുടെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, പരസ്പരബഹുമാനം എന്നിവയാൽ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടൻ’’- സ്റ്റാർമർ എക്സിൽ കുറിച്ചു.
അതേസമയം, കുടിയേറ്റവിരുദ്ധ റാലിയെ പിന്തുണച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമുയർത്തി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്ന് മസ്ക് പറഞ്ഞത്.