വത്തിക്കാനിൽ സാന്ത്വന ജൂബിലിയാചരണം നാളെ
Sunday, September 14, 2025 2:05 AM IST
വത്തിക്കാന് സിറ്റി: ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കുമായുള്ള സാന്ത്വന ജൂബിലിയാചരണം നാളെ വത്തിക്കാനിൽ നടക്കും.
2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമായാണു ജീവിതത്തിൽ യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി ഒരുദിവസം മാറ്റിവച്ച് ദിനാചരണം നടത്തുന്നത്.
സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിലാണു സാന്ത്വന ജൂബിലി ആചരണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 8,500 പേർ ആഘോഷപരിപാടിയിൽ പങ്കെടുക്കുമെന്ന് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം അറിയിച്ചു.
ജൂബിലി ആചരണത്തിനെത്തുന്നവർ നാളെ രാവിലെ വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കും. വൈകുന്നേരം ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പ നയിക്കുന്ന ജാഗരണ പ്രാർഥന നടക്കും. പ്രത്യാശയുടെ നാഥയായ കന്യകമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ സാന്നിധ്യത്തിലായിരിക്കും പ്രാർഥനാശുശ്രൂഷ.