ഇന്ത്യക്ക് ചുങ്കം കൂട്ടണമെന്ന് യുഎസ്; പരിഗണിച്ച് ജി-7
Sunday, September 14, 2025 2:05 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനയ്ക്കും ചുങ്കം ചുമത്തണമെന്ന അമേരിക്കൻ നിർദേശം പരിഗണിച്ച് സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7. കഴിഞ്ഞദിവസം കാനഡയുടെ അധ്യക്ഷതയിൽ ചേർന്ന ജി-7 ധനമന്ത്രിമാരുടെ ഓൺലൈൻ യോഗം ഇക്കാര്യം ചർച്ച ചെയ്തു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന വിധത്തിൽ വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്തുന്ന കാര്യമായിരുന്നു ചർച്ചാവിഷയങ്ങളിലൊന്ന്. റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് ഇന്ത്യയെയും ചൈനയെയും പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്കൊപ്പം ചുങ്കം ചുമത്താൻ ജി-7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തയാറാകണമെന്ന് യുഎസ് ട്രഷറി വകുപ്പ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ജി-7 ധനമന്ത്രിമാരുടെ യോഗത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇക്കാര്യം ആവർത്തിക്കുകയുണ്ടായി. യുദ്ധം ചെയ്യാനുള്ള വരുമാനം റഷ്യക്കുണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യുദ്ധം നിർത്താൻ റഷ്യക്കുമേൽ കൂടുതൽ നടപടികൾ വേണമെന്ന് ജി-7 മന്ത്രിമാരും ചൂണ്ടിക്കാട്ടി. പാശ്ചാത്യ ശക്തികൾ മരവിപ്പിച്ചിരിക്കുന്ന റഷ്യൻ ആസ്തികൾ, യുക്രെയ്ന്റെ പ്രതിരോധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതു സംബന്ധിച്ച ചർച്ചകൾ ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി.
റഷ്യൻ എണ്ണ വാങ്ങുന്നു എന്ന പേരിലാണ് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരേ 25 ശതമാനം പിഴച്ചുങ്കം ചുമത്തിയത്. അതേസമയം ചൈനയ്ക്കെതിരേ ഇത്തരമൊരു നടപടി എടുക്കാൻ ട്രംപിന് ഇതുവരെ ധൈര്യം വന്നിട്ടില്ല.