ബാലപീഡകൻ ഉറ്റ ചങ്ങാതി; യുഎസിലെ ബ്രിട്ടീഷ് അംബാസഡറുടെ കസേര തെറിച്ചു
Friday, September 12, 2025 2:57 AM IST
ലണ്ടൻ: ജയിലിൽ മരിച്ച ബാലപീഡകൻ ജഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡർ പീറ്റർ മാണ്ടൽസണിന്റെ കസേര തെറിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്യുകയായിരുന്നു.
എപ്സ്റ്റീൻ കേസ് പരിഗണിക്കുന്ന അമേരിക്കൻ ഹൗസ് കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട രേഖകളിൽ പീറ്റർ മാണ്ടൽസണും എപ്സ്റ്റീനും തമ്മിൽ മുൻ കാലത്ത് അടുത്ത ബന്ധത്തിലായിരുന്നുവെന്നു തെളിഞ്ഞിരുന്നു.
എപ്സ്റ്റീനെ ‘പ്രിയപ്പെട്ട ചങ്ങാതി’ എന്നു വിളിക്കുന്ന കത്താണ് ഇതിലൊന്ന്. ബാലപീഡന കുറ്റം ചുമത്തപ്പെട്ട എപ്സ്റ്റീനോട് പോരാടാൻ മാണ്ടൽസൺ ആവശ്യപ്പെടുന്ന ഇ-മെയിൽ സന്ദേശമാണു മറ്റൊരു തെളിവ്.
ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിർണായക സ്വാധീനമുള്ള മാണ്ടൽസണിനെ പുറത്താക്കാൻ പ്രധാനമന്ത്രി സ്റ്റാർമർ നിർബന്ധിതനാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളിൽ വഷളായ അമേരിക്ക-ബ്രിട്ടൻ ബന്ധം മെച്ചപ്പെടുത്തുന്നതിൽ മാണ്ടൽസൺ പങ്കുവഹിച്ചിരുന്നു.
പുറത്തുവന്ന എപ്സ്റ്റീൻ രേഖകളിൽ ട്രംപ് അയച്ച ജന്മദിന സന്ദേശവും ഉൾപ്പെടുന്നു. എന്നാൽ ഈ കത്ത് വ്യാജമാണെന്നാണു വൈറ്റ്ഹൗസ് പ്രതികരിച്ചത്.
എപ്സ്റ്റീന്റെ ഇടപാടുകാരിൽ അമേരിക്കയിലെ പല ഉന്നതരും ഉണ്ടെന്നാണു പറയുന്നത്. കേസുകൾ നേരിടുകയായിരുന്ന എപ്സ്റ്റീനെ 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.