ചാര്‍ലി കിര്‍ക്കിന്റെ വേർപാടിൽ ഞെട്ടിത്തരിച്ച് അമേരിക്ക
Friday, September 12, 2025 2:57 AM IST
വാഷിംഗ്ടണ്‍ ഡിസി: മൂല്യങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കാൻ യുവജനങ്ങളെ പ്രേരിപ്പിച്ച ഇൻഫ്ലുവൻസറായിരുന്നു വെടിയേറ്റു മരിച്ച ചാര്‍ലി കിര്‍ക്ക്. ചര്‍ച്ചകളിലും പൊതുവേദികളിലും ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ശക്തമായി പ്രഘോഷിച്ചിരുന്ന ഇദ്ദേഹം കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ‘ടേണിംഗ് പോയിന്റ് യുഎസ്എ’യുടെ സ്ഥാപകനുമാണ്.
ക്രൈസ്തവര്‍ക്കു നേരേയുള്ള വിവേചനത്തിന്റെയും ലിംഗ പ്രത്യയശാസ്ത്രത്തിന്റെയും തുറന്ന വിമർശകന്‍കൂടിയായിരുന്നു ചാര്‍ലി. കാമ്പസുകളിൽ അഭിപ്രായസ്വാതന്ത്ര്യവും യാഥാസ്ഥിതിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 2012ൽ 18 വയസുള്ളപ്പോഴാണ് അദ്ദേഹം ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന സംഘടന സ്ഥാപിക്കുന്നത്. അമേരിക്കയിലെ വിവിധ കോളജുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സംഘടനയ്ക്കു കഴിഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റിൽ, ക്രൈസ്തവ വിശ്വാസത്തിന് ഉണ്ടാകുന്ന പുനരുജ്ജീവനത്തെക്കുറിച്ച് ചാർലി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പള്ളികൾ വളരുകയാണെന്നും യുവജനങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ഒഴുകിയെത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഭ്രൂണഹത്യ, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലും സഭയുടെ ധാര്മികനിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലായിരുന്നു ചാര്‍ലി കിര്‍ക്കിന്റെ പ്രവർത്തനങ്ങളും പ്രസ്താവനകളും.
ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന വിശ്വാസമാണു തന്റെ വിശ്വാസത്തിന്റെ അടിത്തറയും പ്രവർത്തനങ്ങളില്‍ മാര്ഗദര്ശനവുമെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
യുവാക്കൾക്കിടയിലെ ട്രംപിന്റെ ശബ്ദമെന്നാണ് കിര്‍ക്ക് അറിയപ്പെട്ടിരുന്നത്. ചാര്‍ലിയുടെ അകാലമരണത്തില്‍ അമേരിക്കയിലെ വിവിധ മെത്രാന്മാര് അനുശോചനം അറിയിച്ചു. ചാർലിയോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചാര്‍ലി കിര്‍ക്ക് മികച്ച സംവാദകനും രാജ്യത്തെ സിവിൽ നിയമങ്ങളുടെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളും അതിനേക്കാളുപരി തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയുമായിരുന്നുവെന്നും അമേരിക്കയിലെ വിനൊന-റോച്ചസ്റ്റർ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ റോബര്‍ട്ട് ബാരണ്‍ അനുസ്മരിച്ചു.
മികച്ച ബുദ്ധിശക്തിയും ആകർഷകമായ വ്യക്തിത്വവും യഥാർഥ നന്മയുമുള്ള ഒരു മനുഷ്യനായിരുന്നു ചാർലി. ദൈവശാസ്ത്രത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹത്തിന് ആഴമായ താത്പര്യമുണ്ടായിരുന്നു.
മരണശേഷം അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കണമെന്ന് എന്നെപ്പോലെതന്നെ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ പ്രാർഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയാണെന്ന വാക്കുകളോടെയാണ് ബിഷപ് ബാരണിന്റെ കുറിപ്പ് അവസാനിക്കുന്നത്.