ചൈനീസ് പൗരന്മാർക്ക് നാസയിൽ നിരോധനം
Friday, September 12, 2025 2:57 AM IST
ഹൂസ്റ്റൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ ചൈനീസ് പൗരന്മാർക്ക് നിരോധനം. നാസയുടെ സൗകര്യങ്ങൾ ചൈനീസ് പൗരന്മാർ ഉപയോഗിക്കുന്നത് ഈ മാസം അഞ്ചു മുതൽ നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് അധികൃതർ വിശദീകരിക്കുന്നു.
ചൈനീസ് പൗരത്വമുള്ള കരാർ ജോലിക്കാരും ഗവേഷണ പങ്കാളികളും നാസയിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് ഇപ്പോൾ നാസയുടെ സംവിധാനങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ശൃംഖലകൾ തുടങ്ങിയവ ഉപയോഗിക്കാനാവില്ല. നാസ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈന ബഹിരാകാശ മേഖലയിൽ യുഎസിനു വെല്ലുവിളിയായി വളർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈനയ്ക്കു സ്വന്തമായി ബഹിരാകാശ സ്റ്റേഷൻ ഉണ്ട്. ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള ഉദ്യമത്തിൽ അമേരിക്കയും ചൈനയും തമ്മിൽ മത്സരമുണ്ട്.