ബന്ദി മോചനം; നെതന്യാഹു പ്രതീക്ഷ കെടുത്തിയെന്ന് ഖത്തർ
Friday, September 12, 2025 2:57 AM IST
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദിമോചനം സംബന്ധിച്ച എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയെന്ന് ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി.
ആക്രമണസമയത്ത് താൻ ഒരു ബന്ദിയുടെ കുടുംബവുമായി കൂടിക്കാഴ്ചയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളിൽ ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയാണു നെതന്യാഹു ഇല്ലാതാക്കിയതെന്ന് അമേരിക്കയിലെ സിഎന്‍എൻ ചാനലിനു നല്കിയ അഭിമുഖത്തിൽ അൽ താനി കൂടിച്ചേർത്തു.
ഇതിനിടെ, ഇസ്രേലി സേന ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി. സേനയുടെ നിർദേശപ്രകാരം നഗരത്തിൽനിന്നു പലസ്തീനികൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ബഹുനിലക്കെട്ടിടങ്ങളെല്ലാം ഇസ്രേലി സേന നിലംപരിശാക്കുന്നു. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്.